കോഴിക്കോട് മൂന്ന് പേർക്ക് കൂടി ബ്ലാക്ക് ഫംഗസ് സ്ഥിതികരിച്ചു . ഇതിൽ രണ്ടു പേർ മെഡിക്കൽ കോളജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ്.
കണ്ണൂർ എടക്കര സ്വദേശിയും ബംഗളൂരുവിൽ സ്ഥിരതാമസമാക്കാരനുമായ ഒരാൾക്കാണ് രോഗം ബാധിച്ചത്. കോവിഡ് പോസിറ്റീവായതിനാൽ മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലാണ് ചികിത്സ തുടരുന്നത്. ഇതിന് പുറമേ ഞായറാഴ്ച മറ്റൊരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ 12 ആയി.
ഞായറാഴ്ച സ്വകാര്യ ആശുപത്രിയിൽ എത്തിയയാൾക്കും രോഗം പിടിപെട്ടു. ഇതോടെ ഇവിടെ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും ഒരാൾ ചികിത്സയിലുണ്ട്. ഇതോടെ കോഴിക്കോട്ട് 16 പേർ ബ്ലാക്ക് ഫംഗസ് ചികിത്സയിലുണ്ട്.
ബ്ലാക്ക് ഫംഗസിന് നൽകുന്ന ലൈപോ സോമൽ ആംഫോടെറിസിൻ എന്ന മരുന്ന് 20 വയൽ കൂടി എത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് ഇഎൻടി വിഭാഗം മേധാവി ഡോ.സുനിൽ കുമാർ പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ളവർക്ക് നൽകാനുള്ള മരുന്നുകൾ സ്റ്റോക്കുണ്ട്. കൂടുതൽ മരുന്ന് അടുത്ത ദിവസം എത്തുമെന്നും അദ്ദേഹം പറഞ്ഞു.