നിയമസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; സ്‌പീക്കർ തെരഞ്ഞെടുപ്പ്‌ നാളെ, നയപ്രഖ്യാപനം 28ന്

0
66

 

പുതിയ കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 139 അംഗങ്ങളും പ്രോടേം സ്പീക്കർ പി ടി എ റഹീമിനു മുമ്പിൽ സത്യപ്രതിജ്ഞ ചെയ്യും. അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് തിങ്കളാഴ്ച സമ്മേളനം ആരംഭിക്കുക. കോവിഡ് മാനദണ്ഡം കർശനമായി പാലിച്ചാണ് സമ്മേളനം. സത്യപ്രതിജ്ഞയ്ക്കായി പ്രോടേം സ്പീക്കറെ ചുമതലപ്പെടുത്തിയുള്ള കത്ത് നിയമസഭാ സെക്രട്ടറിക്ക് ഗവർണർ കൈമാറും.

സെക്രട്ടറി അക്ഷരമാലാ ക്രമത്തിൽ പേര് വിളിക്കുമ്പോൾ ഓരോരുത്തരും നടുത്തളത്തിൽവന്ന് സത്യപ്രതിജ്ഞ ചെയ്ത് രേഖയിൽ ഒപ്പ് വയ്ക്കും. ആദ്യം വള്ളിക്കുന്ന് എംഎൽഎ പി അബ്ദുൾ ഹമീദും അവസാനം വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിയും സത്യപ്രതിജ്ഞയെടുക്കും. അംഗങ്ങൾക്ക് രാഷ്ട്രീയ പാർടി പ്രാതിനിധ്യപ്രകാരം സഭാഹാളിൽ ഇരിപ്പിടം ക്രമീകരിച്ചു.

140 എംഎൽഎമാരിൽ 53 പേർ പുതുമുഖങ്ങളാണ്. 21 അംഗ മന്ത്രിസഭയിൽ 17 പേരും പുതുമുഖങ്ങളാണ്. അവരിൽ മൂന്നുപേർ വനിതകളാണ്. ആദ്യമായി നിയമസഭാംഗമാകുന്ന എം.ബി രാജേഷാണ് സ്പീക്കർ ആകുക. പുതു തലമുറയുടെ പ്രതിനിധിയായി വി.ഡി സതീശൻ പ്രതിപക്ഷത്തെ നയിക്കും. തുടർച്ചയായി ജയിച്ചെത്തുന്ന മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾ ഭരണത്തിൽ പങ്കാളികളാകുന്നുവെന്നതാണ് പതിനഞ്ചാം നിയമസഭയെ വ്യത്യസ്തമാക്കുന്നത്.

ചൊവ്വാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. തുടർന്ന്, ജൂൺ 14 വരെ സഭാ സമ്മേളനം. 28ന് പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം ഗവർണർ നിർവഹിക്കും. അടുത്ത മന്ത്രിസഭായോഗം നയപ്രഖ്യാപന പ്രസംഗത്തിന് അന്തിമരൂപം നൽകി അംഗീകരിക്കും.

മെയ് 31, ജൂൺ ഒന്ന്, രണ്ട് തീയതികളിൽ നയപ്രഖ്യാപനത്തിൽ ചർച്ചയും മൂന്നിന് സർക്കാർ കാര്യവുമാകും. നാലിന് പുതിയ സർക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ബജറ്റ് ചർച്ച. പത്തിന് ബജറ്റും 11ന് വോട്ടോൺ അക്കൗണ്ടും പാസാക്കും. അതിന്മേലുള്ള ധനകാര്യ നടപടികൾ അടുത്തദിവസങ്ങളിൽ പൂർത്തിയാക്കി ജൂൺ 14ന് സഭ പിരിയാനാണ് ധാരണ.