Friday
19 December 2025
29.8 C
Kerala
HomeKeralaമൺസൂൺ; മുന്നൊരുക്കം നടത്താൻ മുഖ്യമന്ത്രിയുടെ നിർദേശം

മൺസൂൺ; മുന്നൊരുക്കം നടത്താൻ മുഖ്യമന്ത്രിയുടെ നിർദേശം

മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രളയവും മണ്ണിടിച്ചിലും ബാധിക്കാൻ സാധ്യതയുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളുടെയും സമഗ്ര പട്ടിക തയ്യാറാക്കുന്നു. ആപത്ഘട്ടങ്ങളിൽ അടിയന്തരമായി മാറ്റേണ്ട ഉപകരണങ്ങളുടെയും മറ്റു വസ്തുക്കളുടെയും പട്ടിക തയ്യാറാക്കും.

പ്രവർത്തനം തുടരാൻ സാധിക്കുന്ന സ്ഥലങ്ങളും കണ്ടുവയ്ക്കും. വലിയ അത്യാഹിതങ്ങളെ നേരിടാനുള്ള ‘മാസ് കാഷ്വാലിറ്റി ട്രയാജ് പ്രോട്ടോകോൾ’ പ്രധാന ആശുപത്രികളിലെല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡയാലിസിസ് ചെയ്യുന്നവർ, അർബുദ ചികിത്സയിലുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ കഴിയുന്നവർ ഉൾപ്പെടെ ഗുരുതര രോഗാവസ്ഥയുള്ളവരുടെ പട്ടികയും തയ്യാറാക്കും. അത്യാഹിത ഘട്ടങ്ങളിൽ ചികിത്സ മുടങ്ങാതിരിക്കാൻ ഇവരുടെ മെഡിക്കൽ റെക്കോഡുകൾ നിർബന്ധമായും കൈയിൽ സൂക്ഷിക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാനായി ജില്ലാ കൺട്രോൾ സെൽ, വാർഡ് മെമ്പർ, വളന്റിയർമാർ എന്നിവരുടെ നമ്പറുകളും സൂക്ഷിക്കണം. ഇത്തരം രോഗികൾക്ക് ആശുപത്രികളിൽനിന്ന്‌ മരുന്നുകൾ ഒരു മാസത്തേക്ക്‌ നൽകും.

ഗർഭിണികൾ, കിടപ്പിലായവർ, ഭിന്നശേഷിക്കാർ തുടങ്ങി ദുരന്തഘട്ടത്തിൽ ഏറ്റവും ആദ്യം സഹായമെത്തേണ്ടവരുടെ ലിസ്റ്റും തയ്യാറാക്കുകയാണ്. ഇവരുടെ വീടുകൾ മാപ്പ് ചെയ്യും. ഇവരെ വളന്റിയർമാരുമായി ബന്ധപ്പെടുത്തുകയും അവശ്യഘട്ടങ്ങളിൽ കാലതാമസമില്ലാതെ സുരക്ഷിതകേന്ദ്രത്തിലേക്ക്‌ മാറ്റാൻ സാധിക്കുമെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന്‌ മുഖ്യമന്ത്രി നിർദേശിച്ചു.

രോഗികളായവർക്കും ക്വാറന്റൈയ്‌നിൽ കഴിയുന്നവർക്കും അല്ലാത്തവർക്കും പ്രത്യേക വാഹന സൗകര്യമൊരുക്കണം. വെള്ളം കയറുന്ന സാഹചര്യത്തിൽ പാമ്പുകടിയേൽക്കാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് ആവശ്യത്തിനുള്ള ‘ആന്റി സ്നേക്ക്‌ വെനം’ ആശുപത്രികളിൽ കരുതണം. ആശുപത്രികൾ രണ്ടാഴ്ചത്തേക്കുള്ള മരുന്നുകൾ കൂടുതലായി എപ്പോഴും കരുതണം.

ഡോക്സി സൈക്ളിൻ, ഒആർഎസ്, ബ്ലീച്ചിങ് പൗഡർ, മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവ നിർബന്ധമായും ആവശ്യത്തിനുണ്ടാകണം. 20 വീടിന്‌ ഒരു വളന്റിയർ എന്ന നിലയിൽ സന്നദ്ധ സേനകളെ കൂടുതൽ ശക്തമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. ക്യാമ്പുകളിൽ ആളുകൾക്ക് മാനസിക പിന്തുണ നൽകാൻ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ പദ്ധതിയുടെ ഹെൽപ് ലൈനുകൾ സേവനം ലഭ്യമാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

RELATED ARTICLES

Most Popular

Recent Comments