പ്രതിപക്ഷ നേതൃപദവിയിൽ നിന്നും ഒഴിവാക്കപ്പെട്ട രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷ്. അവഗണനയും അവഹേളനവും സഹിച്ച് എന്തിനാണാണ് കോൺഗ്രസിൽ തുടരുന്നതെന്നും നാണമുണ്ടങ്കില്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന് പ്രവർത്തിക്കണമെന്നുമാണ് ഗണേഷ് പറയുന്നത്. ചെന്നിത്തലയും കൂട്ടരും രാജിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം എന്നും ഗണേഷ് പറയുന്നു.
വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നുമാണുണ്ടായത്. കേരളത്തിന്റെ കാര്യത്തില്‍ രാഹുല്‍ഗാന്ധി എംപിയായിരിക്കുന്ന സംസ്ഥാനം എന്ന താല്പര്യം കൂടി കോണ്‍ഗ്രസ് ഹൈക്കമാന്റിനുണ്ടാവുക സ്വാഭാവികം. തലമുറ മാറ്റം എന്നൊക്കെ പറഞ്ഞ് ചെന്നിത്തലയെ അങ്ങ് ഒഴിവാക്കി. ഒതുക്കിയും അവഗണിച്ചും ഒക്കെ ചെന്നിത്തലയ മാറ്റിനിര്‍ത്തുന്നത് തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടി നയിച്ചെന്ന് പറയുന്ന കോണ്‍ഗ്രസുകാരുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റത് കൊണ്ട് അതൊന്നും ചര്‍ച്ചയായില്ല. എന്തായാലും ചെന്നിത്തലയും കൂട്ടരും വെട്ടിനിരത്തപെട്ടിരിക്കുന്നു. ഈ അവഗണനയും അവഹേളനവും ഒക്കെ എന്തിന് ചെന്നിത്തലയും കൂട്ടരും സഹിക്കണമെന്നും യുവമോർച്ച നേതാവ് ചോദിക്കുന്നു.