കോവിഡ് വ്യാപനം കാരണം അടഞ്ഞുകിടക്കുന്ന സ്കൂളുകളിലെ പുതിയ അധ്യയനവർഷം ജൂൺ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനൽ വഴി ആരംഭിക്കാൻ ധാരണ. ആദ്യഘട്ടത്തിൽ പത്ത്, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിക്ടേഴ്സിലെ ക്ലാസിന് പുറമെ സ്കൂൾതലത്തിൽ ഓൺലൈൻ ക്ലാസ് നടത്തണമെന്ന നിർദേശവും കൈറ്റ് സമർപ്പിച്ചിട്ടുണ്ട്. കൈറ്റ് സമർപ്പിച്ച ശുപാർശകൾ കൂടി പരിഗണിച്ചായിരിക്കും തുടർ നടപടി.
പുതുതായി ചുമതലയേറ്റ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഡിജിറ്റൽ ക്ലാസുകളുടെ വിശദാംശങ്ങൾ തേടി. കഴിഞ്ഞവർഷത്തെ ഓൺലൈൻ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്തണം.
ഡിജിറ്റൽ ക്ലാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാർഥികളുണ്ടെങ്കിൽ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ജൂൺ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ സംപ്രേഷണം ചെയ്യാൻ കൈറ്റ് ഒരുക്കം ആരംഭിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ തുടരുക മാത്രമേ നിർവാഹമുള്ളൂവെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.