സിൽവർലൈൻ പദ്ധതി നാടിന്റെ പുരോഗതിയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്, പദ്ധതിയുമായി മുന്നോട്ട്: മുഖ്യമന്ത്രി

0
66

പിണറായി വിജയൻ നേതൃത്വം നൽകുന്ന പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നതോടെ പ്രതീക്ഷയുടെ പുത്തനുണർവ് നേടിയ പദ്ധതിയാണ് സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽ പാത. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ വന്ന സർക്കാരിന്റെ ആദ്യ ക്യാബിനറ്റ് മീറ്റിംഗിൽ ചർച്ചയാകുമെന്ന് കരുതിയ പദ്ധതി കൂടിയായിരുന്നു സിൽവർലൈൻ.

മുഖ്യമന്ത്രിയുടെ വിശദമായ വാർത്തസമ്മേളനത്തിലും പദ്ധതി പരാമർശിക്കപ്പെടുമെന്നാണ് കരുതിയത്. എന്നാൽ അവസാനം വരെ മുഖ്യമന്ത്രി പദ്ധതിയുടെ ഭാവിയെ സസ്പെൻസിൽ ഇടുകയായിരുന്നു. ചോദ്യോത്തരവേളയിലാണ് പദ്ധതിയുടെ ഭാവിയെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത്. ഭരണത്തുടർച്ച വന്ന സാഹചര്യത്തിൽ സിൽവർലൈൻ പദ്ധതിയ്ക്ക് പുതിയ ഗതിവിഗതികൾ ഉണ്ടാവുമോ? എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇങ്ങനെ മറുപടി നൽകി

“തീർച്ചയായും ഉണ്ടാവും. ആ(സിൽവർലൈൻ) പദ്ധതി നമ്മുടെ നാടിന്റെ പുരോഗതിയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഇന്നിപ്പോൾ ആലോചിച്ചിട്ടില്ല. പക്ഷെ അതുപോലുള്ള പദ്ധതികൾ നല്ല രീതിയിൽ തന്നെ നടപ്പാക്കുന്ന നിലപാട് സർക്കാർ എടുക്കും.”

പദ്ധതിയുടെ നടത്തിപ്പിൽ ഒരാശങ്കക്കും ഇടമില്ലാതെയാണ് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിച്ചത്. കേരളത്തിന്റെ വടക്കേയറ്റത്തേയും തേക്കേയറ്റത്തേയും അതിവേഗം ബന്ധപ്പെടുത്തുന്ന അഭിമാന പദ്ധതിയാണ് സിൽവർലൈൻ. കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന സിൽവർലൈൻ കാസർഗോഡ് യാത്ര അവസാനിപ്പിക്കുമ്പോൾ എടുക്കുന്ന സമയം 3 മണിക്കൂറും 53 മിനുറ്റുമാകുമെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ കെ-റെയിൽ പഠനത്തിലൂടെ പറയുന്നത്.

വലിയൊരളവിൽ കേരളത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്ന പദ്ധതിയാകും സിൽവർലൈൻ. പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ 50000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിച്ചു പ്രവർത്തനം ആരംഭിക്കുമ്പോൾ 10000 സ്ഥിരം തൊഴിലും സൃഷ്ട്ടിക്കാൻ കഴിയും. പ്രകൃതി സൗഹൃദ ഹരിത പദ്ധതിയായാണ് സിൽവർലൈൻ വിഭാവനം ചെയ്തിരിക്കുന്നത്.

സ്ഥലമെടുപ്പിന് 3000 കോടിയുടെ വായ്പ അനുവദിച്ച് ഹഡ്‌കോ

തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവഗ റെയിൽ ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട് മൂവായിരം കോടി രൂപയുടെ വായ്പ ലഭ്യമാക്കി ഹൗസിംഗ് ആൻഡ് അർബൻ ഡവലപ്‌മെന്റ് കോർപറേഷൻ(ഹഡ്‌കോ). സിൽവർലൈൻ പാതയിൽ തിരുവനന്തപുരം കൊച്ചുവേളി മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്തെ ഒന്നാംഘട്ട സ്ഥലമേറ്റെടുക്കലിനായാണ് ഇത്രയും തുക എട്ടുശതമാനം വാർഷിക പലിശ നിരക്കിൽ വായ്പയായി ഹഡ്‌കോ അനുവദിച്ചത്.

സംസ്ഥാനത്തെ റെയിൽവെ അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനായി രൂപവത്കരിച്ച കേന്ദ്ര-സംസ്ഥാന സർക്കാർ സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്(കെ.ആർ.ഡി.സി.എൽ) ആണ് ‘സിൽവർലൈൻ’ എന്ന സംസ്ഥാനത്തിന്റെ അഭിലാഷപദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

വായ്പാ സമാഹരണത്തിന് ഗ്രീൻ സിഗ്നൽ; ശുപാർശയുമായി നീതി ആയോഗും റെയിൽവെയും

സിൽവർലൈൻ പദ്ധതിയ്ക്കായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പാസമാഹരണത്തിന് ശുപാർശയുമായി നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്‌ഫോമിംഗ് ഇന്ത്യ (നീതി ആയോഗ്)യും, ഡിപ്പാർട്ട്‌മെന്റ് ഓഫ് റെയിൽവെ എക്‌സ്‌പെന്റിച്ചറും. സിൽവർലൈനിനായി കെ.ആർ.ഡി.സി.എൽ സമർപ്പിച്ച വായ്പാസമാഹരണ പദ്ധതി അംഗീകരിച്ചുകൊണ്ടാണ് നീതി ആയോഗും റെയിൽവെ എക്‌സ്‌പെന്റിച്ചർ വിഭാഗവും കേന്ദ്രധനമന്ത്രാലയത്തിലെ ധനകാര്യവിഭാഗത്തിന് ഇത് സംബന്ധിച്ച് ശുപാർശ നൽകിയിരിക്കുന്നത്.

ഏഷ്യൻ ഡെവലപ്‌മെൻറ് ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട് കത്തിടപാടുകൾ നടന്ന ആദ്യഘട്ടത്തിൽ പദ്ധതിയുടെ നടത്തിപ്പും പ്രായോഗികതയും സംബന്ധിച്ച് നീതി ആയോഗ് വിശദീകരണങ്ങൾ ആരാഞ്ഞിരുന്നു. തുടർന്ന് റെയിൽവെ മന്ത്രാലയത്തിന് കീഴിൽ ഗതാഗത അടിസ്ഥാനസൗകര്യവികസന രംഗത്ത് പ്രവർത്തന പരിചയമുള്ള എഞ്ചിനീയറിംഗ് കൺസൽട്ടൻസിയായ റെയ്ൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് എക്കണോമിക് സർവീസ് ലിമിറ്റഡി (ആർ.ഐ.ടി.ഇ.എസ്)നെ നീതി ആയോഗ് ഉന്നയിച്ച നിർദേശങ്ങളുടെ സാങ്കേതികത പഠിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് സമർപ്പിച്ച വിശദീകരണവും പ്രാഥമിക പദ്ധതി റിപ്പോർട്ടും വിലയിരുത്തിയ ശേഷമാണ് സിൽവർലൈനിനായി വായ്പ സമാഹരിക്കുന്നതിന് നീതി ആയോഗ് ജോയിന്റ് അഡൈ്വസർ ഏപ്രിൽ അഞ്ചിന് ശുപാർശ നൽകിയത്.