ആന്റിജൻ പരിശോധന സ്വയം നടത്താൻ കഴിയുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റിന് ഐസിഎംആർ അംഗീകാരം നൽകി. കിറ്റ് ഉടൻ പൊതുവിപണിയിൽ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവർക്കും രോഗികളുമായി അടുത്ത സമ്പർക്കമുള്ളവർക്കും മാത്രമേ ടെസ്റ്റ്കിറ്റ് ഐസിഎംആർ നിർദേശിക്കുന്നുള്ളൂ.
കിറ്റിനൊപ്പം നൽകിയിരിക്കുന്ന നിർദേശമനുസരിച്ച് പരിശോധന സ്വയം നടത്താം. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. ഇത് പരിചയപ്പെടുത്താൻ പുതിയ മൊബെെൽ ആപ്ലിക്കേഷനും പുറത്തിറക്കും. റിസൾട്ട് 15 മിനിട്ടിനുള്ളിൽ ലഭ്യമാകും. പൂനെയിലെ മൈ ലാബ് സിസ്‌കവറി സൊലൂഷൻസ് നിർമിച്ച കിറ്റിനാണ് നിലവിൽ അംഗീകാരം നൽകിയിരിക്കുന്നത്.
ഒരു കിറ്റിന്റെ വില 250 രൂപയാണ്. പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഐസിഎംആർ നിർദേശിച്ചു. കിറ്റ് യഥേഷ്ടം ലഭ്യമാകുന്നതോടെ പരിശോധന നിരക്ക് കൂട്ടികൊണ്ട് കൊവിഡ് രോഗത്തെ നിയന്ത്രിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.