ഒരു രക്ഷിതാവിനെപ്പോലെ സഖാവ് നൽകിയ അറിവും അനുഭവപാഠങ്ങളും ഞങ്ങളുടെയെല്ലാം വഴികാട്ടി : ഇ കെ നായനാരുടെ ഓർമ്മദിനത്തിൽ പിണറായി വിജയൻ

0
61

മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഓർമ്മദിനമാണ് ഇന്ന്. കേരളത്തെ മാറ്റിമറിച്ച ഒരുപിടി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച ഇ കെ നായനാരെക്കുറിച്ചു അനുസ്മരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

ഒരു രക്ഷിതാവിനെപ്പോലെ സഖാവ് നൽകിയ അറിവും അനുഭവപാഠങ്ങളും ഞങ്ങളുടെയെല്ലാം വഴികാട്ടിയായിട്ടുണ്ട്. അസാധാരണമായ പ്രതിസന്ധികളിലൂടെ നാട് കടന്നു പോകുന്ന ഈ കാലത്ത് സഖാവ് നായനാരുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമ്മുടെ കരുത്തായി മാറുകയാണ്.- പിണറായി വിജയൻ പറഞ്ഞു.

ആധുനിക കേരളത്തിൻ്റെ ചരിത്രം സഖാവ് നായനാരുടെ ജീവചരിത്രം കൂടിയാണ്. 1939-ൽ തൻ്റെ ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ സഖാവിൻ്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതം ഈ നാടിൻ്റെ സമസ്തമേഖലകളേയും സ്പർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനി, തൊഴിലാളി-കർഷക സമര നായകൻ, സംഘാടകൻ, ഭരണാധികാരി, പ്രഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം കേരളത്തിൻ്റെ ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് സഖാവ് നായനാർ.

പ്രതിസന്ധികളിൽ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. എക്കാലത്തും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റു പാർട്ടിക്ക് കരുത്തു പകർന്നു. തൊഴിലാളി വർഗ വിമോചനത്തിനായി, നാടിൻ്റെ നന്മയ്ക്കായി പാർട്ടി മുന്നോട്ടു വച്ച ആശയങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്, തൻ്റെ ഉത്തരവാദിത്വം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റിയ സഖാവ് തീർത്തത് അനുപമമായ മാതൃകയാണ്.

ഒരു രക്ഷിതാവിനെപ്പോലെ സഖാവ് നൽകിയ അറിവും അനുഭവപാഠങ്ങളും ഞങ്ങളുടെയെല്ലാം വഴികാട്ടിയായിട്ടുണ്ട്. അസാധാരണമായ പ്രതിസന്ധികളിലൂടെ നാട് കടന്നു പോകുന്ന ഈ കാലത്ത് സഖാവ് നായനാരുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമ്മുടെ കരുത്തായി മാറുകയാണ്. നാടിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി നിസ്വാർഥമായി പ്രവർത്തിക്കാൻ സഖാവിൻ്റെ ജീവിതം നമുക്ക് പ്രചോദനമാകണം. ഈ നായനാർ ദിനം അത്തരത്തിൽ അർഥപൂർണമാകട്ടെ.