Thursday
18 December 2025
24.8 C
Kerala
HomeKeralaസംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച മുതല്‍

സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച മുതല്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച ഓണ്‍ലൈനായി ആരംഭിക്കും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജിവന്‍ബാബു സ്‌കൂളുകള്‍ക്ക് നല്‍കി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടു വരെയുള്ള ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കും. പുതുതായി സ്‌കൂളില്‍ ചേരാന്‍ രക്ഷിതാക്കകള്‍ക്ക് സമ്പൂര്‍ണ പോര്‍ട്ടലില്‍ (sampoorna.kite.kerala.gov.in) സൗകര്യം ഒരുക്കി. ഈ സൗകര്യം ഉപയോഗിക്കാനാകുന്നില്ലെങ്കില്‍ പ്രധാനാധ്യാപകര്‍ക്ക് ഫോണ്‍മുഖേനയും രക്ഷിതാക്കളെ വിളിച്ച് വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം. അനുബന്ധരേഖകളും മറ്റ് വിശദാംശങ്ങളും ലോക്ഡൗണ്‍ പിൻവലിച്ചശേഷം സ്‌കൂളുകളിലെത്തിച്ചാല്‍ മതി. ലോക്ഡൗണ്‍ പിന്‍ലവിച്ചശേഷവും കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാം.
ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലും ഒമ്പതാം ക്ലാസുകാരെ നിലവിലെ പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തിലും തൊട്ടടുത്ത ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കണം. സ്ഥാനക്കയറ്റ നടപടികള്‍ ക്ലാസ് അധ്യാപകര്‍ വര്‍ക്ക് ഫ്രം ഹോം സാധ്യത പ്രയോജനപ്പെടുത്തി 25നകം പൂര്‍ത്തീകരിക്കണം. പുതിയ ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തുന്ന വിദ്യാര്‍ഥികളെ മുഴുവന്‍ അതത് ക്ലാസ് ടീച്ചര്‍മാര്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് കുട്ടികളുടെ വൈകാരിക പാശ്ചാത്തലം, അക്കാദമിക് നില എന്നിവ സംബന്ധിച്ച് വിശദമായി സംസാരിക്കണം.
ഇതര സംസ്ഥാനങ്ങള്‍, വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് തിരികെ എത്തിയ കുടുംബങ്ങളിലെ കുട്ടികളെ രേഖകളുടെ കുറവ് ഉണ്ടെങ്കിലും സ്‌കൂളില്‍ ചേര്‍ക്കണം. സ്‌കൂള്‍ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിസിക്ക് ഉള്ള അപേക്ഷയും ഓണ്‍ലൈനായി സമർപ്പിക്കാം. സ്ഥാനക്കയറ്റ നടപടികള്‍ 25നകം പൂര്‍ത്തികരിക്കണം.
ഡിജിറ്റല്‍ ക്ലാസുകളിലൂടെ നടത്തിയ പഠന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം. മെയ് 30 നകം ഈ പ്രവര്‍ത്തനം അധ്യാപകര്‍ പൂര്‍ത്തിയാക്കണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനാധ്യാപകര്‍ക്ക് നല്‍കണം. അവര്‍ ബന്ധപ്പെട്ട ഉപജില്ല/ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമാപർപ്പിക്കണം. തുടര്‍ന്ന് ഇവ ഉപഡയറക്ടര്‍മാര്‍ മുഖാന്തിരം ഇ മെയില്‍ വഴി (supdtqip@kerala.gov.in) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് അയക്കണം. സ്‌കൂളുകളില്‍നിന്ന് നേരിട്ട് അയയ്ക്കരുത്.

RELATED ARTICLES

Most Popular

Recent Comments