എല്ലാവരും രോഷാകുലരാണ്’, നരേന്ദ്രമോഡിക്കെതിരെ “ദ ഗാർഡിയൻ”

0
87

രണ്ടാം വ്യാപനം കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച കേന്ദ്രസർക്കാരിന് കടുത്ത വീഴ്ച ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ “ദ ഗാർഡിയൻ”. ഇന്ത്യയിലെ യഥാർഥ കോവിഡ്മരണസംഖ്യ പുറത്തുവരുന്നതിലും എത്രയോ ഉയർന്നതാണെന്നും ഗാർഡിയൻ സൂചിപ്പിക്കുന്നു. 2014 ൽ അധികാരത്തിൽ വന്ന മോഡി ജനരോഷവും സാമ്പത്തികമാന്ദ്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഹിന്ദുത്വം എന്ന കാർഡ് ഇറക്കി വഴിതിരിച്ചുവിടുകയായിരുന്നുവെന്നും ഗാർഡിയൻ ചൂണ്ടിക്കാട്ടുന്നു. ഈ നീക്കത്തിലൂടെ ആദ്യഘട്ടത്തിൽ ജനപ്രിയത കാത്തുസൂക്ഷിക്കാനായി. എന്നാൽ, കോവിഡിന്റെ രണ്ടാംതരംഗം വന്നപ്പോൾ കേന്ദ്രസർക്കാർ കനത്ത പരാജയമായി. മാത്രമല്ല, സ്വന്തം പാർട്ടിയിലെ പ്രവർത്തകരിൽ പോലും അമർഷം പടരാൻ ഇത് കാരണമാക്കി.

കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച പരാജയം മോഡിയുടെ ജനപ്രിയതയെ കാര്യമായി ബാധിച്ചു. മരണാസന്നരായവർക്ക് വേണ്ടി ആശുപത്രികിടക്കകളും വെന്റിലേറ്ററുകളും ഓക്‌സിജൻ സിലിണ്ടറുകളും തേടി പരക്കം പാഞ്ഞ ആൾക്കാർ, ഇന്ത്യയുടെ തകർന്ന് തരിപ്പണമായ പൊതുജനാരോഗ്യ സംവിധാനത്തിന് പ്രധാനമന്ത്രിയുടെ കാര്യക്ഷമതയില്ലായ്മയെയും നേതൃത്വത്തെയും പഴിക്കുകയാണെന്ന് ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു.
ബിജെപി ഭരിക്കുന്ന ഹരിയാനയിൽ കോവിഡ് ബാധിച്ച് മരിച്ച തന്റെ 75 കാരനായ അച്ഛന്റെ ചിതയ്ക്കരുകിൽ നിന്ന് ചെത്താൻ ടിക്കൂ എന്ന യുവാവാണ്റ്റെ പ്രതികരണവും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. ‘എല്ലാവരും രോഷാകുലരാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു. മഹാമാരിയെ നേരിടുന്നതിൽ പരാജയമാണ്. ആസൂത്രണം അങ്ങേയറ്റം വഷളായി”- എന്നിങ്ങനെയാണ് ചേതന്റെ പ്രതികരണം. ഇത് ഒരാളുടെ മാത്രം പ്രതികരണമല്ലെന്നും രാജ്യമൊട്ടുക്ക് ഇത്തരം പ്രതികരണം ലഭ്യമാണെന്നും റിപ്പോർട്ടിലുണ്ട്.


ആസന്നമായ രണ്ടാം തരംഗം സംബന്ധിച്ച് കേന്ദ്രസർക്കാർ എല്ലാ മുന്നറിയിപ്പുകളെയും തൃണവൽഗണിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതു സംബന്ധിച്ച് ശാസ്ത്രജ്ഞർ നൽകിയ മുന്നറിയിപ്പ് പ്രധാനമന്ത്രി വിലക്കെടുത്തില്ല. അമിത ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതി നൽകിയതിന് പിന്നിൽ. മാത്രമല്ല, കുംഭമേള പോലുള്ള മതപരമായ ചടങ്ങുകൾക്കും.കോവിഡിന് മുകളിൽ രാജ്യം വിജയം നേടിയെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഉണ്ടായി. വാക്‌സിനേഷൻ പദ്ധതി എങ്ങുമെത്താതെ പാതിവഴിയിലായി.

”ഞങ്ങളുടെ കുട്ടികൾക്ക് നൽകേണ്ട വാക്‌സിൻ എന്തിന് വിദേശരാജ്യങ്ങൾക്ക് കൊടുത്തു” എന്ന് പോസ്റ്റർ ഒട്ടിച്ചവർക്കെതിരെ കേസെടുക്കുകയാണ് സർക്കാർ ചെയ്തത്.വാക്‌സിനു വേണ്ടി സംസ്ഥാനങ്ങൾ തമ്മിൽ കടിപിടി കൂടേണ്ട അവസ്ഥയാണെന്നും റിപ്പോർട്ട് പറയുന്നു. പ്രതിപക്ഷത്തിന്റെ ദൗർബല്യം മോഡിക്ക് തുണയാകുന്നു.

കോവിഡ് ഭീതി പരത്തി പടരുമ്പോഴും പുതിയ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയുമടങ്ങുന്ന സെൻട്രൽവിസ്റ്റ പോലെയുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതും വിമർശനം ക്ഷണിച്ചുവരുത്തുന്നുണ്ട്. ‘പൊങ്ങച്ച’ പദ്ധതികൾ എന്നാണ് ഇവയെ റിപ്പോർട്ടിൽ പറയുന്നത്.”കേന്ദ്രസർക്കാരിനെ കാണാനില്ല…വയസ്: 7 ” എന്ന ഔട്ട്‌ലുക്കിന്റെ കവർപേജിലെ കാപ്ഷനും ഗാർഡിയൻ എടുത്തുകാണിക്കുന്നുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിലാകും കോവിഡ് വ്യാപനം ഉണ്ടാക്കിയ ജനരോഷത്തിന്റെ രൂക്ഷത ബിജെപിയും നരേന്ദ്രമോഡിയും അറിയാനിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.