നാരദ കൈക്കൂലി കേസിൽ തൃണമൂൽ നേതാക്കളെയും മന്ത്രിമാരെയും സിബിഐ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജി. കോൽക്കത്തയിലെ സിബിഐ ഓഫീസിൽ മമത നേരിട്ടെത്തി.രണ്ടു മന്ത്രിമാർ ഉൾപ്പെടെ നാലു നേതാക്കളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ മേയർ സോവ്ഹൻ ചാറ്റർജി എന്നിവരാണ് അറസ്റ്റിലായത്.
2014ലാണ് കേസിനാസ്പദമായ സംഭവം. ബംഗാളില്‍ നിക്ഷേപത്തിനു ശ്രമിച്ച വ്യവസായി ഏഴ് തൃണമൂല്‍ എംപിമാര്‍ക്കും നാലു മന്ത്രിമാര്‍ക്കും ഒരു എംഎല്‍എയ്ക്കും പൊലീസിനും കൈക്കൂലി കൊടുത്തുവെന്നാണ് കേസ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.
നാല് മന്ത്രിമാര്‍ക്കെതിരെ അഴിമതി വിരുദ്ധ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ അറിയിപ്പ് നൽകാതെയും അനുമതി വാങ്ങാതെയുമാണ് അറസ്റ്റെന്ന് തൃണമൂൽ നേതാക്കൾ കുറ്റപ്പെടുത്തി.