നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ആശങ്ക വർധിക്കുന്നു. തെരഞ്ഞെടുപ്പിൽ പതിമൂന്ന് സീറ്റുകൾ വേണമെന്ന പി. ജെ ജോസഫിന്റെ ആവശ്യത്തിന് മുന്നിൽ വഴങ്ങാതെ കോൺഗ്രസ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും ഒൻപത് സീറ്റിൽ കൂടുതൽ പി. ജെ ജോസഫിന് നൽകേണ്ടതില്ലെന്ന നിലപിടിലാണുള്ളതെന്നും കോൺഗ്രസ് വ്യക്തമാക്കി.
ഒൻപത് സീറ്റുകളുടെ കാര്യത്തിൽ ധാരണയായതായാണ് വിവരം. തൊടുപുഴ, കടുത്തുരുത്തി, ഇരിങ്ങാലക്കുട, കുട്ടനാട്, ഇടുക്കി, കോടമംഗലം, റാന്നി, പേരാമ്പ്ര തുടങ്ങി എട്ട് സീറ്റുകൾ പി. ജെ ജോസഫിന് നൽകും.
കോട്ടയത്ത് കടുത്തുരുത്തിക്ക് പുറമേ ഒരു സീറ്റു കൂടി നൽകാനും തീരുമാനമായി. കോട്ടയത്ത് ആറ് സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അതിനിടെ, പി. ജെ ജോസഫ് പരസ്യ പ്രസ്താവന നടത്തുന്നതിൽ കോൺഗ്രസ് അതൃപ്തി അറിയിച്ചു.
പതിമൂന്ന് സീറ്റിൽ കുറഞ്ഞ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി പി.ജെ ജോസഫ് രംഗത്തെത്തിയിരുന്നു. സീറ്റുകൾ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചർച്ച പിന്നീട് ആലോചിക്കുമെന്നും ജോസഫ് പറഞ്ഞിരുന്നു. മാധ്യമങ്ങളോടായിരുന്നു പി. ജെ ജോസഫിന്റെ പ്രതികരണം.