കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ ഗ്രാമത്തിൽ ആഘോഷ പരിപാടിയും സംഗീതോത്സവവും സംഘടിപ്പിച്ചുവെന്നാരോപിച്ച് ദളിതരെ കൊണ്ട് കാലിൽ വീണു മാപ്പു പറയിപ്പിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍. തമിഴ്‌നാട്ടിലെ വില്ലുപുരം തിരുവെണ്ണയ്നെല്ലൂരിലെ ഒട്ടാനന്ദല്‍ പഞ്ചായത്തിലാണ് സംഭവം. വയോധികരായ ദളിതരെ കൊണ്ട് കാല് പിടിപ്പിച്ച് മാപ്പു പറയിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെ പൊലീസ് കേസെടുത്തതായി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്തെയാകെ നാണക്കേടിലാക്കിയ ജാതി അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഗ്രാമത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചതിനാണ് പ്രാകൃതമായ ശിക്ഷാനടപടി. ചട്ടം ലംഘിച്ച് പരിപാടി സംഘടിപ്പിച്ചതിന് ക്ഷമ ചോദിച്ച് പഞ്ചായത്തിലെ അംഗങ്ങള്‍ക്ക് മുന്നില്‍ മൂന്നുപേര്‍ കമിഴ്ന്നു കിടക്കുന്നതായുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. മെയ് 12ന് തിരുവെന്നൈനലൂരിനടുത്തുള്ള ഒട്ടാനന്ദല്‍ പഞ്ചായത്തിലെ ദളിത് കുടുംബങ്ങള്‍ തങ്ങളുടെ ഗ്രാമ ആഘോഷങ്ങളുടെ ഭാഗമായി ചെറിയ ആചാരങ്ങള്‍ സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ ചടങ്ങിലും പരിപാടികളിലുമായി മാനദണ്ഡങ്ങള്‍ മറികടന്ന് ആളുകളെത്തി. വിവരമറിഞ്ഞ് തിരുവെണ്ണയ്നെല്ലൂര്‍ പൊലീസ് ഗ്രാമത്തിലെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. സംഘാടകരിൽ നിന്ന് രേഖാമൂലം ക്ഷമാപണം എഴുതി വാങ്ങിക്കുകയും ചെയ്തു. തുടർന്ന് മെയ് 14 പഞ്ചായത്ത് കോടതിയില്‍ ഹാജരാകാന്‍ സംഘാടകര്‍ക്ക് നോട്ടീസ് ലഭിച്ചു. ഇതിനുപിന്നാലെയാണ് അനുവാദമില്ലാതെ ഉത്സവം നടത്തിയതിന് കാല്‍ക്കല്‍ വീണ് മാപ്പു ചോദിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ ഉത്തരവിട്ടത്. പിന്നാലെ തിരുമല്‍, സന്താനം, അറുമുഖം എന്നിവര്‍ പഞ്ചായത്തിലെ അംഗങ്ങളുടെ കാലില്‍ വീണ് ക്ഷമ ചോദിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എട്ട് പേര്‍ക്കെതിരെയാണ് കേസ്.