പ്രിയങ്കയുടെ ആത്മഹത്യ, ഗാര്‍ഹിക പീഡനമെന്ന് ബന്ധുക്കൾ, പൊലീസ് അന്വേഷണം ഊർജിതമാക്കി

0
51

 

നടൻ രാജന്‍ പി ദേവിന്റെ മകനും ചലചിത്ര പ്രവർത്തകനുമായ ഉണ്ണിരാജിന്റെ ഭാര്യ പ്രിയങ്കയുടെ മരണം വലിയ വെല്ലുവിളിയാകുകയാണ് പൊലീസിന്. പ്രിയങ്കയുടെ ആത്മഹത്യയില്‍ ഉണ്ണി രാജിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നുകഴിഞ്ഞു. ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി ലഭിച്ച സാഹചര്യത്തിൽ ഉണ്ണിരാജിനെ ഉടൻ പോലീസ് ചോദ്യം ചെയ്യും.
ഉണ്ണിയുടെയും അമ്മയുടെയും മാനസിക ശാരീരികപീഡനങ്ങളെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രിയങ്കയുടെ അമ്മ ജയയുടെ ആരോപണം. പ്രീയങ്കയെ ഗുരുതരമായി മര്‍ദിച്ചശേഷം ഒരു രാത്രി മുഴുവന്‍ മുറ്റത്ത് നിര്‍ത്തി. പണം ആവശ്യപ്പെട്ട് പ്രിയങ്കയെ ഉണ്ണി നിരന്തരം ഉപദ്രവിച്ചിരുന്നു. പത്താം തീയതി ക്രൂരമായി മര്‍ദിച്ചു. പ്രിയങ്ക അങ്കമാലി പൊലീസില്‍ വിളിച്ച്‌ പരാതി പറഞ്ഞതോടെയാണ് അന്ന് രാത്രി വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തിയതെന്നും ജയ പറഞ്ഞു. ആത്മഹത്യക്ക് തൊട്ടുമുന്‍പ് മകളുടെ ഫോണില്‍ ഒരു കോള്‍ വന്നു, പിന്നാലെയാണ് പ്രിയങ്കയുടെ ആത്മഹത്യ. ഭര്‍തൃവീട്ടില്‍ നിന്നുള്ള ഭീഷണി സന്ദേശമായിരുന്നു അവസാന ഫോണ്‍ വിളിയെന്നാണ് ആരോപണം.
2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയിൽ സജീവമായത്. തിരുവനന്തപുരം വെമ്പായം കാരംകോട് കരിക്കകം സ്വദേശിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് പ്രിയങ്കയുടെ സഹോദരൻ ആണ് പൊലീസിൽ പരാതി നൽകിയത്. ഭർത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്നത്തെത്തുടർന്നാണ് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നതെന്ന് പ്രിയങ്കയുടെ സഹോദരൻ പറയുന്നു. ഭർതൃവീട്ടിൽ ഉപദ്രവം കൂടുന്നുവെന്നും കൂട്ടിക്കൊണ്ടുവരണമെന്നും പ്രിയങ്ക കരഞ്ഞുകൊണ്ട് തന്നെ വിളിച്ചതായി വിഷ്ണു പരാതിയിൽ വ്യക്തമാക്കിയിരുന്നു. പ്രിയങ്കയുടെ മുതുകിൽ കടിച്ചുമുറിച്ചതിന്റെയും ഇടി കൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രിയങ്ക പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രിയങ്കയും ഭർത്താവും കൊച്ചി കാക്കനാട് ഫ്ലാറ്റിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കറുകുറ്റിയിലെ വീട്ടിലേക്ക് താമസം മാറ്റി. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ട് മർദനവും അസഭ്യവർഷവും ഇവിടെയും തുടർന്നുവെന്ന് പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നൽകി. തെളിവായി ഫോണിലെ വീഡിയോയും നൽകി. വിവാഹ സമയത്ത് 35 പവന് പുറമേ പണവും നല്‍കിയിരുന്നു. ഇതൊന്നും ഇപ്പോൾ ഇല്ലെങ്കിലും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്തു സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു. എല്ലാം വിറ്റ് തുലച്ച്‌ ഒന്നും ഇല്ലാതെയായപ്പോള്‍ ചേച്ചിയെ ആ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയായിരുന്നു എന്നാണ് പ്രിയങ്കയുടെ ബന്ധുവായ രേഷ്മ പറയുന്നത്.
ആരോപണത്തെ തുടർന്ന് പോലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി. പ്രിയങ്ക തൂങ്ങിമരിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം ആരോപിച്ച് പ്രിയങ്കയുടെ സഹോദരന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നൽകാനാണ് കമ്മിഷന്‍ നിർദ്ദേശം.