ഇതു വരെ, 9 കോടി കിറ്റുകള്‍, 4,321.94 കോടി രൂപ; പ്രതിസന്ധിയില്‍ അന്നം മുട്ടാതെ കേരളം

0
69

കൊവിഡ് വ്യാപനം കാരണം രാജ്യം മുഴുവന്‍ അടച്ചിട്ടതോടെ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ആശങ്ക പാവപ്പെട്ടവരുടെ ഭക്ഷണമായിരുന്നു. ദൈനംദിന ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്ന സാധാരണക്കാരന്റെ അന്നം മുട്ടുമെന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സമയം മുതല്‍ സാമ്പത്തിക വിദഗ്ദരും ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഭക്ഷ്യ കിറ്റിലൂടെ പ്രതിസന്ധിയെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പദ്ധതി രൂപീകരിച്ചതോടെ പ്രസ്തുത ആശങ്ക പതിയെ നീങ്ങി. ഏപ്രില്‍ മാസം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 9 കോടി ഭക്ഷ്യ കിറ്റുകളാണ് സംസ്ഥാനം വിതരണം ചെയ്തത്. രണ്ടാം തരംഗത്തില്‍ യാചകര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വേണ്ടി പദ്ധതി വിപൂലീകരിക്കുകയും ചെയ്തു.
കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നായിരുന്നു മുഖ്യമന്ത്രി രണ്ടാം കൊവിഡ് വ്യാപന സമയത്ത് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ ഇടത് പാളയത്തിന് അനുകൂല തരംഗമുണ്ടാവാന്‍ കാരണം അന്നം മുടക്കാത്ത നടപടിയാണെന്ന് പ്രതിപക്ഷം പോലും പരോക്ഷമായി സമ്മതിക്കുന്ന കാര്യമാണ്. പൊതുവിതരണശൃഖല ശക്തമല്ലാത്ത പല സംസ്ഥാനങ്ങളിലും ഭക്ഷ്യ കിറ്റ് പദ്ധതി വേണ്ട വിധത്തില്‍ ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്നില്ലെന്നതാണ് മറ്റൊരു കാര്യം. കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഇതിന് തെളിവാണ്. കേരളത്തിന്റെ റേഷന്‍ കാര്‍ഡ് വഴിയുള്ള ഭക്ഷ്യ വിതരണം ആവശ്യക്കാരിലേക്ക് എത്തിച്ചേരാന്‍ ഏറെ സഹായകരമായി.
സംസ്ഥാനത്ത് വലിയ സാമ്പത്തിക ഞെരുക്കം സമീപ മാസങ്ങളില്‍ നേരിട്ടേക്കാമെങ്കിലും ഭക്ഷ്യ കിറ്റ് വിതരണവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഏപ്രില്‍ മാസം വരെയുള്ള കണക്കുപ്രകാരം 4,321.94 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയ സ്ഥിതിക്ക്, പദ്ധതിയിലേക്ക് കൂടുതല്‍ തുക വകയിരുത്തും. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, സേവാഭാരതി തുടങ്ങിയ സംഘടനകൾ, കക്ഷി രാഷ്ട്രീയ ഭേദമന്യെ പൊതിച്ചോറ് വിതരണം നടത്തുന്നതും കേരളത്തിന്റെ പ്രതിസന്ധിയുടെ ആഴം കുറയ്ക്കുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും അല്ലാതെയും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ സംസ്ഥാനത്തിന്റെ പട്ടിണി മാറ്റാനായി പ്രവര്‍ത്തിക്കുന്നുണ്ട്.
റേഷന്‍ കടകള്‍ വഴിയും അല്ലാതെയും ഇതുവരെ ഏഴര കോടി കിറ്റുകള്‍ വിതരണം ചെയ്തതായി സപ്ലൈകോ എംഡി പി. എം. അലി അഗ്‌സര്‍ പാഷ ചൂണ്ടി കാണിക്കുന്നു. അഗതി മന്ദിരങ്ങള്‍, അനാഥാലായങ്ങള്‍ തുടങ്ങി പ്രത്യേക ശ്രദ്ധ വേണ്ട സാമൂഹിക ഇടപെടല്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും കിറ്റ് നല്‍കി വരുന്നുണ്ട്. 17 ഇനങ്ങളുമായിട്ടാണ് ആദ്യത്ത് കിറ്റ് പദ്ധതി ആരംഭിക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്ന മുറയ്ക്ക് മറ്റു സംസ്ഥാനങ്ങളെ മാറി മാറി സമീപിച്ച കേരളം പ്രതിസന്ധി തരണം ചെയ്തു വരികയാണ്.
ഈ മാസം 15 ഇനങ്ങള്‍ അടങ്ങിയ കിറ്റ് 84 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കും അഗതി, അശരണ, അനാഥാലയങ്ങള്‍ക്കായി ഒരു ലക്ഷവും വിദ്യാര്‍ത്ഥികള്‍ക്ക് 27 ലക്ഷവും നല്‍കുമെന്ന് സ്‌പ്ലൈകോ എംഡി അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ നീട്ടിവെക്കേണ്ട സാഹചര്യമുണ്ടായാല്‍ കിറ്റ് വിതരണം തുടരുമെന്നാണ് ഇത് നല്‍കുന്ന സൂചന. നേരത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കിറ്റ് വിതരണം നിര്‍ത്തലാക്കുമെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടി കൂടിയാവും സംസ്ഥാന സര്‍ക്കാരിന്റെ നടപടി.