ഒളിമ്പിക്‌സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി

0
81

 

ടോക്യോ ഒളിമ്പിക്‌സ് നടത്തുന്നതിനെതിരെ ജനങ്ങളിൽ നിന്നും കടുത്ത എതിർപ്പ് നേരിടുന്നുണ്ടെങ്കിലും മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി. കോവിഡിനെ ഫലപ്രദമായി നേരിടാൻ ജപ്പാനീസ് സർക്കാറിന് കഴിയുമെന്നും ഐ.ഒ.സി വ്യക്തമാക്കി. കോവിഡിനെതുടർന്ന് കഴിഞ്ഞ വർഷം നടത്താനിരുന്ന ടോക്യോ ഒളിമ്പിക് ഈ വർഷം ജൂലായ് 23 മുതലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

ഇതേസമയം ഒളിമ്പിക്‌സിന് മൂന്ന് മാസം മാത്രം ബാക്കിനിൽക്കേ ജപ്പാൻ ഇപ്പോഴും കോവിഡിനെതിരായ പോരാട്ടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ടോക്യോ ഒളിമ്പിക്‌സ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്പാനിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

ഒളിമ്പിക്‌സ് നടത്തരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ഓൺലൈൻ നിവേദനം സമർപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിൽ ഒപ്പുവെച്ചത്. ഒളിമ്പിക്‌സ് സ്‌റ്റേഡിയങ്ങൾക്ക് മുന്നിൽ ഇപ്പോഴും പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. ജപ്പാനിൽ കോവിഡ് മരണനിരക്ക് കുറവാണെങ്കിലും വൈറസിന്റെ വ്യാപനതോത് ഉയരുകയാണ്. വാക്‌സിനേഷനും പതുക്കെയാണ് പുരോഗമിക്കുന്നത്. എന്നാൽ ഒളിമ്പിക്‌സുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ഇപ്പോഴും സർക്കാർ.