സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ലക്ഷദ്വീപിനടുത്ത് തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെയോടെ അതിതീവ്രമാകുംഇത് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യുന മർദ്ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേർന്നായതിനാൽ, കടൽപ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചു.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്തെ തീരമേഖലകളിൽ മഴയും കടലാക്രമണവും തുടരുകയാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും കടൽക്ഷോഭം രൂക്ഷമാണ്. കടലേറ്റം രൂക്ഷമായ ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു. ആലപ്പുഴയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉൾപ്പെടെയുളള പ്രദേശങ്ങളിൽ കടലിനോട് ചേർന്ന വീടുകളിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസം വെളളം കയറിയിരുന്നു.
തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് , തോപ്പയിൽ ഭാഗങ്ങളിലും കടൽക്ഷോഭം ശക്തമാണ്. മഴ ശക്തിപ്രാപിച്ചതിനെത്തുടർന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിനുള്ള ജോലികൾ തുടങ്ങിയിട്ടുണ്ട്.