പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം -ഡിവൈഎഫ്ഐ

0
51

കിഴക്കൻ ജെറുസലേമിലെ പലസ്തീൻകാർക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണം അപലപനീയമാണ്. ഇസ്രയേലിൻ്റെ അതിക്രമങ്ങൾക്കെതിരെ പോരാടുന്ന പലസ്തീൻ ജനതയ്ക്ക് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

തുടർച്ചയായുള്ള ആക്രമണങ്ങൾ ആശങ്കയുളവാക്കുന്നതാണ്. നിരവധി മനുഷ്യരാണ് പലസ്തീനിൽ കൊല്ലപ്പെട്ടത്. നൂറുകണക്കിന് മനുഷ്യർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ അഖ്സ മുസ്ലീം പള്ളിക്ക് സമീപം ഇസ്രയേൽ സേന നടത്തുന്ന ആക്രമണത്തിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജൂത കുടിയേറ്റത്തിന്‌ വഴിയൊരുക്കുന്നതിനായി, ഷെയ്‌ക്ക്‌ ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്‌തീൻകാരെയാണ്‌ ഇസ്രയേൽ സൈന്യം ആക്രമിക്കുന്നത്‌.

ഒരു രാജ്യത്തെ ജനതയുടെ മനുഷ്യാവകാശങ്ങളെ മുഴുവൻ ലംഘിക്കുന്ന അതിക്രമങ്ങൾ അവസാനിപ്പി‌ച്ചെ മതിയാകൂ. അധിനിവേശം നടത്തുന്നതിന് പതിറ്റാണ്ടുകളായി ഇസ്രയേൽ തുടരുന്ന അതിക്രമങ്ങൾക്ക് അറുതി വരുത്തേണ്ടതുണ്ട്. ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ജനപിന്തുണ നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട നെതന്യാഹു രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി കൂടിയാണ് പലസ്തീനെതിരായ ആക്രമണം ആരംഭിച്ചത്. കോവിഡിനെ നേരിടുന്നതിൽ സർക്കാരിൻ്റെ പരാജയം മറച്ചുവെക്കുന്നതിനും ആക്രമണം ഉപയോഗിക്കുകയാണ്.

പലസ്തീൻകാരുടെ അഭിപ്രായസ്വാതന്ത്രവും ഒത്തുചേരുവാനുള്ള അവകാശവും ഇസ്രയേൽ മാനിക്കണം. ഒരു ജനതയ്ക്ക് മേലുള്ള കടന്നുകയറ്റത്തിൽ കേന്ദ്ര സര്ക്കാര് ഇസ്രയേലിനെ തള്ളിപ്പറയാനും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കനും തയ്യാറാകണം. മാനവികത ഉയർത്തിപ്പിടിക്കുന്ന എല്ലാവരും പലസ്തീൻ ജനതയ്ക്ക് പിന്തുണയർപ്പിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.