Wednesday
17 December 2025
26.8 C
Kerala
HomeKeralaരാഷ്ട്രീയ ചരിത്രത്തിൽ ഗൗരിഅമ്മയുടെ കാൽപ്പാടുകൾ ഒരിക്കലും മായില്ല : എ കെ ബാലൻ

രാഷ്ട്രീയ ചരിത്രത്തിൽ ഗൗരിഅമ്മയുടെ കാൽപ്പാടുകൾ ഒരിക്കലും മായില്ല : എ കെ ബാലൻ

കെ ആർ ഗൗരിഅമ്മയുടെ വേര്പാടിനെ അനുസ്മരിച്ചു മന്ത്രി എ കെ ബാലൻ.അക്ഷരാർഥത്തിൽ കേരള രാഷ്ട്രീയത്തിലെ ഉണ്ണിയാർച്ചയാണ് കെ ആർ ഗൗരിഅമ്മ. പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ഞാൻ ആദ്യമായി ഒരു പ്രകടനത്തിൽ പങ്കെടുക്കുന്നത്.

‘കേരം തിങ്ങും കേരളനാട്ടിൽ കെ ആർ ഗൗരി ഭരിച്ചീടും, പറ്റൂലാ ഇനി പറ്റൂലാ കുടിയിറക്ക് ഇനി പറ്റൂലാ, കിട്ടൂലാ ഇനി കിട്ടൂലാ പാട്ടവും വാരവും കിട്ടൂലാ’. ഇത് കുട്ടികളുടെ മനസ്സിനെയടക്കം സ്വാധീനിച്ച മുദ്രാവാക്യമാണ്. അതിന്റെ ഉടമയായ ഗൗരിഅമ്മയെ കാണുകയെന്നത് ജീവിതത്തിലെ ഒരു സ്വപ്നമായിരുന്നു.

കാലങ്ങൾ കഴിഞ്ഞു. അവർ മന്ത്രിയായ ഘട്ടത്തിൽ പ്രതിപക്ഷത്തിരിക്കാനുള്ള അവസരം കിട്ടി. ഞാൻ പാലക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുമ്പോൾ, സിബിഐയുടെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന ഹരിയേട്ടനൊപ്പം ഗൗരിഅമ്മയെ പോയി കണ്ട് ഒരു നിവേദനം നൽകി. എ പി പിമാർക്ക് അന്ന് പ്രൊമോഷനില്ല. എ പി പി യായി കയറിയാൽ എ പി പി യായി പിരിയാം. അവർക്ക് ഒരു പ്രൊമോഷൻ വേണമെന്ന് പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എന്ന തസ്തിക അങ്ങനെ ഉണ്ടാക്കിയതാണ്. രണ്ട് മാസം കൊണ്ട് ഉത്തരവായി. ആദ്യം ഒന്ന് പൊട്ടിത്തെറിക്കും. പിന്നെ തണുക്കും.

 


ഗൗരിയമ്മ എ കെ ബാലന്റെ വിവാഹച്ചടങ്ങില്‍

ഗൗരിഅമ്മയുടെ കഴിഞ്ഞ ജന്മദിനത്തിന് ഞാനും ഭാര്യയും പോയി കണ്ടിരുന്നു. ഗൗരിഅമ്മയ്ക്ക് മധുരം വളരെ ഇഷ്ടമായിരുന്നു. ഞങ്ങളെ അടുത്തിരുത്തി ഭക്ഷണം കഴിച്ചു. എന്റെ വിവാഹത്തിന്റെ കാർമ്മികത്വം വഹിച്ചത് അവരാണ്. ഭാര്യാപിതാവ് സ. പി കെ കുഞ്ഞച്ചനുമായി നല്ല ബന്ധമായിരുന്നു. ജമീലയെ മകളെപ്പോലെ കരുതി. ‘എന്താ മോളേ’ എന്നാണ് ചോദിക്കുക.

ഇത്ര നീണ്ട സംഭവബഹുലമായ രാഷ്ട്രീയ ജീവിതം ചരിത്രത്തിൽ വിരളമായേ സംഭവിച്ചിട്ടുള്ളൂ. 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന ഗൗരിഅമ്മ ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ സുപ്രധാന പങ്കു വഹിച്ചു. കേരളത്തെ മാറ്റിമറിച്ച നിയമനിർമാണ രംഗങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ചു. ഒരു ഘട്ടത്തിൽ പാർട്ടി വിട്ടുപോയി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഗൗരിഅമ്മയുടെ കാൽപ്പാടുകൾ ഒരിക്കലും മായില്ല. ഗൗരിഅമ്മയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത കേരളത്തിന് നികത്താൻ കഴിയില്ല. കേരള ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

 

RELATED ARTICLES

Most Popular

Recent Comments