സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ചയും ബുധനാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടുക്കി ജില്ലയിലും വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.