കരുതലിന്റെ കരുത്തിലേക്ക് കോവിഡ് ബ്രിഗേഡിൽ അണിചേരൂ

0
57

സംസ്ഥാനത്ത് കോവിഡ്-19 അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കോവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തിവരുന്നു. ഓരോ ജില്ലകളിലും രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തിൽ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും അധികമായി കിടക്കകൾ സജ്ജമാക്കി വരികയാണ്.

മാത്രമല്ല കോവിഡ് രോഗികളെ നിരീക്ഷിക്കാനും ചികിത്സിക്കാനുമുള്ള ഡി.സി.സി., സി.എഫ്.എൽ.ടി.സി., സി.എസ്.എൽ.ടി.സി. എന്നിവയും വർധിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാനാണ് കോവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തുന്നത്. കൂടുതൽ എം.ബി.ബി.എസ്. ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും സേവനം ആവശ്യമാണ്.

നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധം വൈറസ് വ്യാപനം ഉണ്ടായാൽ മരണ നിരക്ക് കൂടുമെന്നാണ് ലോകത്തിന്റെ അനുഭവ പാഠം. വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും മനുഷ്യ വിഭവശേഷിയും വർധിപ്പിക്കേണ്ടതുണ്ട്. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും സേവനം കൂടുതലായി ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കോവിഡ് ബ്രിഗേഡ് എന്ന ആശയത്തിന് രൂപം നൽകിയത്. രണ്ടാം തരംഗത്തിനെ ഫലപ്രദമായി നേരിടാനാണ് കോവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തുന്നത്.

ആരോഗ്യ രംഗത്തും മറ്റു മേഖലയിലുമുള്ള സേവന സന്നദ്ധരായ ചെറുപ്പക്കാരാണ് കോവിഡ് ബ്രിഗേഡിലുള്ളത്. ഇതുവരെ 59,626 പേരാണ് കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി മാറാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മോഡേൺ മെഡിസിൻ, ആയുർവേദ, ഡെന്റൽ, ഹോമിയോ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എം.എസ്.ഡബ്ല്യു., എം.ബി.എ., എം.എസ്.സി., എം.എച്ച്.എ. ബിരുദധാരികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും കോവിഡ് ബ്രിഗേഡ് എന്ന ഈ സാമൂഹ്യ സേനയിൽ ചേരാവുന്നതാണ്. അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തിൽ ഇനിയും കൂടുതൽ പേർ കോവിഡ് ബ്രിഗേഡിൽ അണിചേരേണ്ടതാണ്.

കോവിഡ് ബ്രിഗേഡിൽ ചേരാൻ https://covid19jagratha.kerala.nic.in എന്ന പോർട്ടൽ വഴി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.