കൊവിഡ് വാക്സിൻ എടുത്തവർക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാം: കേന്ദ്ര ആരോഗ്യമന്ത്രാലയം

0
142

 

കൊവിഡ് വാക്സിൻ എടുത്തവർക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാൻ അനുമതി. കേന്ദ്ര ആരോ​ഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ മാർച്ച് അഞ്ചിലെ ഉത്തരവ് പ്രകാരം കോവിഡ് വാക്സിൻ സ്വീകരിച്ചാൽ 28 ദിവസം കഴിഞ്ഞാൽ മാത്രമേ രക്തം ദാനം ചെയ്യാൻ കഴികയുള്ളു എന്നായിരുന്നു.

മേയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. അതിനാൽ വാക്സിൻ എടുക്കുന്നതിന് മുൻപ് എല്ലാവരും രക്തം ദാനം ചെയ്യണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് വിദ​ഗ്ധസമിതി യോ​ഗം ചേർന്ന് മാർ​ഗനിർദേശങ്ങൾ പുതുക്കിയത്.

ജീവനുള്ള വെെറസിനെ ഉപയോ​ഗിച്ചുള്ള വാക്സിൻ അല്ലാത്തതിനാൽ (live attenuated vaccine) നീണ്ട കാലാവധി ആവശ്യമില്ലെന്നാണ് സമിതിയുടെ നി​ഗമനം. അതിനാൽ വാക്സിന്റെ ഓരോ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാം. രക്തദാനത്തിനുള്ള മറ്റ് മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ടെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.