ആശുപത്രിയിൽ ഇടമില്ല; കൊവിഡ് രോഗിയായ അമ്മയ്ക്കൊപ്പം മക്കൾ 10 ദിവസം കാറിനുള്ളിൽ

0
32

ആശുപത്രിയിൽ കിടക്ക ലഭിക്കാത്തതിനാൽ, കൊവിഡ് ബാധിച്ച് അവശയായ അമ്മയ്ക്കൊപ്പം മക്കൾ 10 ദിവസം കാറിനുള്ളിൽ പത്തു ദിവസമായി കാറിനുള്ളിൽ. ഉത്തർപ്രദേശിലെ ലഖിംപുർഖേരിയിൽ നിന്നാണ് നൊമ്പരപ്പെടുത്തുന്ന വാർത്ത.

കൊവിഡ് ബാധിച്ച പാരുൾ സിങ്ങുമായി ലഖ്‌നൗവിലെത്തിയതാണ് മകൾ പായലും സഹോദരൻ ആകാശും. കോവിഡ് വ്യാപനത്തെത്തുടർന്ന് ആശുപത്രികൾ തിങ്ങിനിറഞ്ഞതിന്റെ ദുരിതം പേറേണ്ടിവന്നത്. പാരുളിന് ആശുപത്രിയിൽ കിടക്ക ലഭിച്ചപ്പോഴേക്കും ആകാശിന് കൊവിഡ് ബാധിച്ചു.

വൃക്കരോഗിയായ പാരുളിന് ഡയാലിസിസിനു വേണ്ടിയാണ് കഴിഞ്ഞ 20ന് ഇവർ ലക്നൗവിലെത്തിയത്. രാവിലെ കാറിലെത്തി വൈകിട്ട് ഡയാലിസിസിനു ശേഷം മടങ്ങുന്ന പതിവ് ഏറെക്കാലമായുള്ളതാണ്. എന്നാൽ, ഇത്തവണ ആശുപത്രിയിലെത്തിയപ്പോൾ പാരുളിന് നേരിയ പനി.

ആശുപത്രിയിൽ കൊവിഡ് പ്രോട്ടൊകോളിന്‍റെ ഭാഗമായി ആർടിപിസിആർ പരിശോധന നടത്തി. ഫലം പിറ്റേന്നു മാത്രമേ ലഭിക്കൂ എന്നതിനാൽ അന്നു രാത്രി ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ കാറിനുള്ളിൽ കഴിഞ്ഞു മൂവരും. പിറ്റേന്ന് പാരുളിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ഡയാലിസിസ് നടത്താനാവില്ലെന്നായി ആശുപത്രി അധികൃതർ.

ഏറെ നേരത്തേ അന്വേഷണത്തിനൊടുവിൽ അൽപ്പം ദൂരെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രി അധികൃതർ ഡയാലിസിസ് നടത്താമെന്നു സമ്മതിച്ചു. അവിടെയെത്തിയപ്പോൾ പാരുളിന്‍റെ രക്തത്തിലെ ഓക്സിജന്‍റെ അളവ് താഴ്ന്നു. ആശുപത്രിയിൽ ഓക്സിജൻ നൽകാൻ സൗകര്യമുള്ള കിടക്കകളുണ്ടായിരുന്നുമില്ല. പരിഭ്രാന്തിയിലായ സഹോദരങ്ങൾ എല്ലാ സഹായകേന്ദ്രങ്ങളുടെയും വാതിലിൽ മുട്ടി. ഒടുവിൽ വൈകുന്നേരമായപ്പോഴേക്കും.

1300 രൂപയ്ക്ക് അഞ്ച് ഓക്സിജൻ ക്യാനുകൾ കിട്ടി. അതു പക്ഷേ, കുറച്ചു നേരത്തേക്കുള്ളതു മാത്രം. പിൻസീറ്റിൽ അമ്മയെ കമിഴ്ത്തിക്കിടത്തി രാത്രി മുഴുവൻ ഉറങ്ങാതെ മക്കൾ കാറിനുള്ളിലിരുന്നു. ചികിത്സ കാറിനുള്ളിൽ തന്നെ തുടർന്നു.

22ന് ആകാശിനും കൊവിഡ് ലക്ഷണങ്ങൾ തുടങ്ങി. തുടർന്ന് 23ന് രാവിലെ നാട്ടിൽ നിന്ന് ഒരു ടാക്സിയിൽ ഓക്സിജൻ സിലിണ്ടറുമായി ഇവരുടെ അച്ഛനെത്തി. ആകാശിന് കൊവിഡ് ബാധിച്ചതിനാൽ മറ്റെവിടെയും മുറിയെടുക്കാനായില്ല. തുടർന്നുള്ള ദിവസങ്ങളിലും കാറിനുള്ളിൽ തന്നെ കഴിഞ്ഞു സഹോദരങ്ങൾ. ഒടുവിൽ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ ദുരിതപർവം താണ്ടിയതിന്റെ ആശ്വാസം അവരുടെ മുഖത്തുണ്ടായിരുന്നു.