കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിച്ചപ്പോൾ സഹായഹസ്തവുമായി ആദ്യം രംഗത്തെത്തിയ ആളാണ് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മിൻസ്. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നു ആഹ്വാനം ചെയ്ത കമ്മിൻസ് ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 50,000 ഡോളർ(ഏകദേശം 37 ലക്ഷം രൂപ) പി.എം. കെയർ ഫണ്ടിലേക്കു സംഭാവന നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ വേണ്ട സജ്ജീകരണങ്ങളൊന്നും ചെയ്യാതെ, ഓക്സിജൻ പ്ലാന്റുകൾ പോലും നിർമിക്കാതെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം നടത്തുന്ന സാഹചര്യത്തിൽ കമ്മിൻസിന്റെ തീരുമാനം ഒന്നുകൂടി ആലോചിച്ച നടപ്പാക്കണമെന്ന് അഭ്യർത്ഥനകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ കമ്മിൻസ് തന്റെ നിലപാട് മാറ്റിയിരിക്കുകയാണ്.
തന്റെ സംഭാവന പി.എം. കെയറിലേക്കു നൽകില്ലെന്നും മറിച്ച് യൂനിസെഫ് ഓസ്‌ട്രേലിയ വഴി ഇന്ത്യക്കു നൽകുമെന്നുമാണ് ഓസീസ് താരം ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ കോവിഡ് സഹായത്തിനായി ക്രിക്കറ്റ് ഓസ്‌ട്രേലിയയും യൂനിസെഫ് ഓസ്‌ട്രേലിയയും ചേർന്നു ഫണ്ട് സ്വരൂപിക്കുമെന്ന വാർത്ത വന്നതിനു പിന്നാലെയാണ് കമ്മിൻസ് നിലപാടു മാറ്റിയത്. ഇതോടെ സംഘപരിവാർ ഗ്രൂപ്പുകളുടെ പ്രചാരണം തിരിഞ്ഞുകൊത്തുകയാണ്.
ഓസ്‌ട്രേലിയക്കാർക്കു പോലും പ്രധാനമന്ത്രിയെ മനസിലായെന്നും, പണം നൽകിയാൽ പാർലമെന്റ് മോഡി പിടിപ്പിക്കുമെന്നും മറ്റുമാണ് സോഷ്യൽ മീഡിയയിൽ കമ്മിൻസിന്റെ നിലപാടു മാറ്റം സംബന്ധിച്ച് പോസ്റ്റുകളും കമന്റുകൾ നിറയുന്നത്.