തൃപ്പൂണിത്തുറയില്‍ കെ ബാബു ജയിച്ചത് ബിജെപി വോട്ടുകള്‍ കൊണ്ടെന്ന് സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍

0
76

തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് യുഡിഎഫിന് കിട്ടിയെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ഡോ. കെ എസ് രാധാകൃഷ്ണന്‍. മണ്ഡലത്തിൽ കെ ബാബു ജയിച്ചത് തങ്ങളുടെ വോട്ടുകള്‍ കൊണ്ടെന്ന് കെ എസ് രാധാകൃഷ്ണൻ തുറന്നടിച്ചു. കഴിഞ്ഞതവണ ഇവിടെ ബിജെപി നേടിയ വോട്ടുകളില്‍ ഇക്കുറി കാര്യമായ കുറവുണ്ടായി. ഈ വോട്ടുകള്‍ ബാബുവിന് ലഭിച്ചു. ഇത് എങ്ങനെ യുഡിഎഫിനു പോയി എന്നതിന് ബിജെപി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ടു കച്ചവടം നടന്നതായ ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് വെളിപ്പെടുത്തലുമായി രാധാകൃഷ്ണന്‍ രം​ഗത്തെത്തിയിരിക്കുന്നത്.

ഇഞ്ചോടിഞ്ച് മല്‍സരം നടന്ന തൃപ്പൂണിത്തുറയില്‍ ആയിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ബാബു ജയിച്ചത്. നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി വോട്ടുകള്‍ കെ ബാബുവിനു കിട്ടിയിട്ടുണ്ടെന്നും ഇതെങ്ങനെ സംഭവിച്ചു എന്ന്
അന്വേഷിച്ച മതിയാകുവെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. എൻഡിഎക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ഏഴായിരത്തോളം വോട്ടു കുറഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. ബിജെപിയുടെ വോട്ട് തനിക്കു ലഭിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു പറഞ്ഞിരുന്നു. ഇപ്പോള്‍ അത് ബോധ്യമായി. നാട്ടുകാര്‍ക്കും ബോധ്യമായി. ബാബുവിന് അഭിമാനിക്കാം. ഇതെങ്ങനെ സംഭവിച്ചു എന്ന് വിശദമായി അന്വേഷിച്ചാലേ അറിയൂ. ബൂത്തുതലകണക്കുകള്‍കൂടി കിട്ടിയശേഷം അന്വേഷിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. സ്വരാജിന് പിടിക്കാവുന്നതിന്റെ പരമാവധി വോട്ട് സ്വരാജ് പിടിച്ചു. ബിജെപിയുടെ വോട്ടെവിടെ പോയെന്നും രാധാകൃഷ്ണന്‍ ചോദിച്ചു. യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ടു കച്ചവടം നടന്നുവെന്ന് ആരോപണം നിലനിൽക്കുന്നതിനിടെ തെളിവുകൾ സഹിതമുള്ള രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ബിജെപി നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കി.