പ്രാണവായു ഇല്ലാതെ പിടഞ്ഞു മരിച്ചാലെന്ത്, മോഡി പുതിയ വീട് വെക്കുന്നുണ്ടല്ലോ

0
36

ഓക്സിജൻ പോലും കിട്ടാതെ ജനങ്ങൾ പിടഞ്ഞുമരിക്കുമ്പോൾ 13,450 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ പണി പൂര്‍ത്തിയാക്കാന്‍ സമയം നിശ്ചയിച്ച്‌ കേന്ദ്രസര്‍ക്കാര്‍. 2022 ഡിസംബറിനകം പുതിയ വസതിയുടെ നിർമാണപ്രവൃത്തി പൂർത്തീകരിക്കാൻ തീരുമാനിച്ചു. ഈ വർഷം ഡിസംബറിനകം നിർമാണം പൂര്‍ത്തീകരിക്കുമെന്നാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന വിവരം. 13,450 കോടി രൂപ ചെലവു വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയാണ് കോവിഡ് അടിയന്തരാവസ്ഥയ്ക്കിടയിലും മുടക്കമില്ലാതെ തുടരുന്നത്. പാര്‍ലമെന്റ് കെട്ടിടം, സര്‍ക്കാര്‍ ഭരണ കാര്യാലയങ്ങള്‍, പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികള്‍ തുടങ്ങിയവയാണ് പദ്ധതി പ്രകാരം പുനര്‍നിര്‍മിക്കുന്നത്. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ച് പ്രധാനമന്ത്രി പുതിയ വീട് നിർമിക്കുന്നത് ഇതിനകം വലിയ വിവാദങ്ങൾക്കും കടുത്ത പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. എന്നാൽ, ഈ പ്രതിഷേധങ്ങളും ഒന്നും കണക്കിലെടുക്കാതെ നിറമാനവുമായി മുന്നോട്ട് പോകാനാണ് പ്രധാനമന്ത്രിയുടെ ഓഫിസ് തീരുമാനിച്ചിരിക്കുന്നത്.

കൊവിഡിനിടയിലും അവശ്യസര്‍വീസായി അടയാളപ്പെടുത്തിയ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയ്ക്കായി പുതിയ വസതി നിര്‍മ്മിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മാണമാണ് ആദ്യം പൂർത്തിയാക്കുക. സുരക്ഷാ ജീവനക്കാര്‍ക്കായുള്ള കെട്ടിടത്തിന്റെ നിര്‍മാണവും ഇതിനൊപ്പം പൂര്‍ത്തിയാക്കും. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള നാല് കി.മീറ്റര്‍ ദൂരപ്രദേശത്താണ് പുതിയ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.

രണ്ടാം തരംഗം അതിരൂക്ഷമായ രാജ്യത്ത് ഇതിനകം കോവിഡ് കേസുകൾ 83 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 46,254 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് കോവിഡ് കേസുകൾ ഉയർന്നത്. 1,23,611 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‍തത്. മാത്രമല്ല, ഓക്സിജൻ കിട്ടാതെ ആയിരങ്ങൾ പിടഞ്ഞു മരിക്കുമ്പോഴാണ് പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള പുതിയ വസതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നത്. ഓക്സിജനും വാക്സിനും കിട്ടാതെ ലക്ഷങ്ങൾ രാജ്യത്തിന്റെ തെരുവുവിൽ പിടഞ്ഞു വീഴുകയാണിപ്പോഴും. അതിനിടയിൽ ഇതൊന്നും ഗൗനിക്കാതെ പുതിയ പ്രവൃത്തിയുമായി മുന്നോട്ട് പോകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയത്.