സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന്റെ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തും.തലസ്ഥാനത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി ഗവർണറെ കണ്ട് രാജി സമർപ്പിക്കും. ഉച്ചയ്ക്ക് 12 ന് ആണ് രാജ്ഭവനിലെത്തി ഗവർണറെ കാണുക.
മുഖ്യമന്ത്രിയോട് ഗവർണർ കാവൽ മന്ത്രിസഭയായി തുടരാൻ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികൾ ആരംഭിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും.
എൽഡിഎഫിന് കിട്ടിയ എംഎൽഎമാരുടെ ഭൂരിപക്ഷം തെളിയിച്ചുള്ള കത്ത് അടുത്ത ദിവസം തന്നെ ഗവർണറുടെ മുന്നിൽ സമർപ്പിക്കും. എംഎൽഎമാരുടെ കത്ത് പരിഗണിച്ച് ഇടത് മുന്നണിയെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും.
ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്നലെയായിരുന്നു. എൽഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എൻഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 44 വർഷത്തെ ചരിത്രം തിരുത്തിയാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുന്നത്.