കിടക്കയ്ക്കായി യാചിച്ചത് മൂന്നുമണിക്കൂർ; യുപിയിൽ കോവിഡ് ബാധിച്ച 35 കാരി കാറിൽ മരിച്ച നിലയിൽ

0
70

കോവിഡ് ബാധയെ തുടർന്ന് നോയിഡയിലെ ആശുപത്രിയിൽ പ്രവേശനം ലഭിക്കാതിരുന്ന എൻജിനീയർക്ക്​ കാറിൽ ദാരുണാന്ത്യം. യുപി – നോയിഡയിലെ സർക്കാർ ആശുപത്രിയായ ജിംസ് ആശുപത്രിക്ക് പുറത്താണ്​ സംഭവം.

കോവിഡ്​ ബാധിച്ച്‌​ അത്യാസന്ന നിലയിലായതോടെ 35കാരിയായ ജാഗ്രതി ഗുപ്​ത​ ആശുപ​ത്രിയിലെത്തുകയായിരുന്നു. ജാഗ്രതിക്കൊപ്പമുണ്ടായിരുന്ന വീട്ടുടമസ്​ഥൻ ആശുപത്രി പ്രവേശനത്തിനായി മണിക്കൂറുകളോളം അപേക്ഷിച്ചെങ്കിലും എന്നാൽ, കിടക്ക ലഭ്യമല്ലെന്ന മറുപടിയാണ് ആശുപത്രി അധികൃതർ നൽകിയത്.

ആശുപത്രിക്ക് പുറത്ത് പാർക്കിങ് സ്ഥലത്ത് കാറിൽ അവശയായി കിടക്കുകയായിരുന്നു ജാഗ്രതി. ഉച്ച കഴിഞ്ഞ് മൂന്നരയോടെ യുവതിയുടെ നില കൂടുതൽ വഷളായി. ശ്വാസം കിട്ടാതെ പിടയുന്നതുകണ്ട് ആശുപത്രിയിലെ ജീവനക്കാരനും വീട്ടുടമസ്ഥനും ഓടിയെത്തിയെങ്കിലും ജാഗ്രതി അപ്പോഴേക്കും മരിച്ചിരുന്നു.

ഗ്രേറ്റർ നോയിഡയിൽ എൻജിനീയറായ യുവതിയുടെ ഭർത്താവും രണ്ട് മക്കളും മധ്യപ്രദേശിലാണ് താമസിക്കുന്നത്. ആശുപത്രിയിൽനിന്ന് ജീവനക്കാരൻ ഓടിയെത്തിയപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ ഇത്തരത്തിൽ ആശുപത്രികളിൽ ഓക്‌സിജൻ കിട്ടാതെയും കിടക്ക കിട്ടാതെയും മരണപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്.

അതേസമയം, സംസ്ഥാനത്ത് ഓക്‌സിജന്റെ കുറവുണ്ടെന്നും ആശുപത്രി കിടക്കകളുടെ എണ്ണം വർധിപ്പിക്കുന്നതിലെ പ്രാരംഭ പ്രശ്‌നങ്ങൾ വേഗത്തിൽ മറികടന്നുവെന്നുമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം.