കോവിഡ് പ്രതിരോധത്തില്‍ മാസ്‌കുകളുടെ ശാസ്ത്രീയ ഉപയോഗം വളരെ പ്രധാനപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്റ് ഹൈജീനും, പ്രൊസീഡിങ്ങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസും നടത്തിയ പഠനഫലങ്ങള്‍ ഈ ഘട്ടത്തില്‍ ഗൗരവത്തോടെ കാണേണ്ടതാണ്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ ലോകത്തെ വിവിധ പ്രദേശങ്ങളിലെല്ലാം മാസ്‌കുകളുടെ ഉപയോഗം കര്‍ക്കശമായി നടപ്പിലാക്കപ്പെട്ടിരുന്നു എന്നവര്‍ കണ്ടെത്തി. മാസ്‌കുകളുടെ ശാസ്ത്രീയമായ ഉപയോഗം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.-മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വീടിനു പുറത്തെവിടേയും ഡബിള്‍ മാസ്‌കിങ്ങ്ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് പല തവണ വിശദമാക്കിയതാണ്. ഡബിള്‍ മാസ്‌കിങ്ങ്ചെയ്യുക എന്നാല്‍ രണ്ടു തുണി മാസ്‌കുകള്‍ ധരിക്കുക എന്നതല്ല. ഒരു സര്‍ജിക്കല്‍ മാസ്‌ക്ധരിച്ചതിനുശേഷം അതിനു മുകളില്‍ തുണി മാസ്‌ക്വെക്കുകയാണ് വേണ്ടത്. ഈ തരത്തില്‍ മാസ്‌കുകള്‍ ധരിക്കുകയും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താല്‍ രോഗബാധ വലിയ തോതില്‍ തടയാന്‍ നമുക്ക് സാധിക്കും.
മാസ്‌കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമാ സാംസ്‌കാരിക മേഖകളിലെപ്രമുഖരും മതമേലദ്ധ്യക്ഷരും രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും, മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാ തുറകളിലുള്ളവരും മാസ്‌കുകള്‍ ധരിക്കുന്നപ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഇടപെടല്‍ നടത്തണം. അത്തരത്തിലുള്ള ഇടപെടല്‍ നമ്മുടെ അയല്‍രാജ്യമായ ബംഗ്‌ളാദേശില്‍ മികച്ച മാറ്റമുണ്ടാക്കിയെന്ന് പ്രസിദ്ധമായ യേല്‍ സര്‍വകലാശാലയുടെ പഠനം കണ്ടെത്തിയിട്ടുണ്ട്. ഓഫീസ് ഇടങ്ങളില്‍ പലപ്പോളും ഇത്തരം ശ്രദ്ധ കുറയുന്ന ഒരു പ്രവണത ഉണ്ട്. മാസ്‌കുകള്‍ ധരിക്കുന്നതില്‍ അലംഭാവവും അശ്രദ്ധമായ അടുത്തിടപഴകലുകളും ജോലിസ്ഥലങ്ങളില്‍ ഉണ്ടാകാന്‍ പാടുള്ളതല്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്.-മുഖ്യമന്ത്രി അറിയിച്ചു.