ഓക്‌സിജന് വേണ്ടി ട്വിറ്റർ വഴി അഭ്യർത്ഥിച്ചു, യുവാവിനെതിരെ ക്രിമിനൽ കേസെടുത്ത് യുപി പോലിസ്

0
78

ഓക്‌സിജന് വേണ്ടി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥന നടത്തിയ യുവാവിനെതിരെ യുപി പോലീസ് ക്രിമിനല്‍ കേസെടുത്തു. അമേഠി പോലിസാണ് ശശാങ്ക് യാദവ് എന്ന യുവാവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. തന്റെ സുഹൃത്തിന്റെ മുത്തശ്ശിക്ക് ഓക്‌സിജന്‍ എത്തിച്ച്‌ നല്‍കാനായി സഹായിക്കണം എന്നായിരുന്നു ശശാങ്ക് ട്വീറ്റ് ചെയ്തത്. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട യുപി പോലിസ് യുവാവിനെതിരേ ക്രിമിനല്‍ കേസെടുക്കുകയായിരുന്നു. ഓക്സിജൻ ക്ഷാമത്തിന്റെ പേരില്‍ അഭ്യൂഹം പരത്തി എന്നും ജനങ്ങള്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചുവെന്നും ആരോപിച്ചാണ് പോലിസ് കേസെടുത്തത്. യുപി പോലിസ് തന്നെയാണ് ട്വിറ്ററിലൂടെ കേസെടുത്ത വിവരം അറിയിച്ചത്.

ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയോ ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുകയോ ചെയ്താല്‍ ആശുപത്രികള്‍ അടച്ചു പൂട്ടാന്‍ പോലിസിന് യോഗി നിര്‍ദേശം നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഓക്‌സിജന്‍ ക്ഷാമത്തെപ്പറ്റി മിണ്ടിപ്പോകരുതെന്ന് യോഗി ഭീഷണി മുഴക്കിയത്. ഓക്‌സിജന്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് പിടിച്ചടക്കുമെന്നും യോഗി ആദിത്യനാഥ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.