Thursday
18 December 2025
24.8 C
Kerala
HomeKeralaഅഭിമന്യുവിന് നാടിൻ്റെ അന്ത്യാഞ്ജലി ; ഇടനെഞ്ചു പൊട്ടി അച്ഛന്റേയും ചേട്ടന്റേയും അന്ത്യചുംബനം

അഭിമന്യുവിന് നാടിൻ്റെ അന്ത്യാഞ്ജലി ; ഇടനെഞ്ചു പൊട്ടി അച്ഛന്റേയും ചേട്ടന്റേയും അന്ത്യചുംബനം

ആർഎസ്എസ് കൊലക്കത്തിക്ക് ഇരയായ പത്താം ക്ലാസുകാരനായ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന് വീട്ടുകാരുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും സഖാക്കളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. രാവിലെ 10ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്, മറ്റ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളും ചേർന്ന് ഓച്ചിറ പരബ്രഹ്മ ആശുപത്രിയിൽനിന്ന് മൃതശരീരം ഏറ്റുവാങ്ങി.

മുദ്രാവാക്യ മുഖരിതമായ അന്തരീക്ഷത്തിൽ നേതാക്കൾ അഭിമന്യുവിനെ എസ്എഫ്ഐയുടെ പതാക പുതപ്പിച്ചു. ശേഷം ബൈക്ക് റാലിയുടെ അകമ്പടിയോടെ വളളികുന്നത്തേക്ക്.

വഴിനീളെ സഖാക്കളും സുഹൃത്തുക്കളും നാട്ടുകാരും അഭിവാദ്യമർപ്പിച്ച് കൂടെക്കൂടി. 12.45 ഓടെ വീടിന് സമീപത്തെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെത്തി പൊതുദർശനത്തിന് വച്ചു.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. 1.10 ന് വീട്ടുകാർക്കും രക്ഷിതാക്കൾക്കും മുന്നിലേക്ക്.ഇടനെഞ്ചു പൊട്ടി അച്ഛൻ അമ്പിളികുമാറും ചേട്ടൻ അനന്തുവുമടക്കമുള്ള ബന്ധുക്കൾ അന്ത്യചുംബനം നൽകി.

1.55 ന് വീട്ടുവളപ്പിൽ തയ്യാറാക്കിയ ചിതയിലേക്ക് വിടരുംമുമ്പേ കൊഴിഞ്ഞ അഭിമന്യുവിൻ്റെ ചേതനയറ്റ ശരീരമെത്തിച്ചു. പാർട്ടി മുദ്രാവാക്യങ്ങളുടെ നടുവിൽ കരഞ്ഞ് കലങ്ങിയ കണ്ണുകൾ അവസാനമായി അഭിമന്യുവിനെ കണ്ടു.

RELATED ARTICLES

Most Popular

Recent Comments