ഗാന്ധി എങ്ങനെയാണ്‌ മരിച്ചതെന്ന്‌ എല്ലാവർക്കും അറിയാം. അതിനെ വീണ്ടും പഠനവിഷയമാക്കേണ്ടതില്ല: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

0
5

ഗാന്ധി എങ്ങനെയാണ്‌ മരിച്ചതെന്ന്‌ രാജ്യത്ത്‌ എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അത്‌ വീണ്ടും വീണ്ടും പഠിപ്പിക്കേണ്ട കാര്യമില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യസഭയിൽ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ചർച്ചകൾക്കുള്ള മറുപടിയിലാണ്‌ വിദ്യാഭ്യാസ മന്ത്രിയുടെ വിചിത്രമായ വിശദീകരണം.

‘ഗാന്ധി വധം സിലബസിൽനിന്നും ഒഴിവാക്കിയെന്നാണ്‌ ആരോപണം. 2005ലാണ്‌ ഈ സംഭവം സിലബസിൽ ഉൾപ്പെടുത്തുന്നത്‌. അത്‌ എന്തിനാണ്‌ ചെയ്‌തതെന്ന്‌ ആലോചിച്ചാൽ മനസ്സിലാകും. ഗാന്ധി എങ്ങനെയാണ്‌ മരിച്ചതെന്ന്‌ എല്ലാവർക്കും അറിയാം. അതിനെ വീണ്ടും പഠനവിഷയമാക്കുന്നത്‌ ശരിയാണോ? ഗാന്ധി വധത്തിന്‌ പിന്നിൽ ബ്രാഹ്മണരാണെന്നാണ്‌ പറയുന്നത്‌. ബ്രാഹ്മണർ മാത്രമാണോ അതിന്‌ പിന്നിലുണ്ടായിരുന്നത്‌. അങ്ങനെ ഒരു വിഭാഗത്തെ മാത്രം അവഹേളിക്കുന്നത്‌ ശരിയാണോ?’ ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ പറഞ്ഞു. ജനകീയപ്രക്ഷോഭങ്ങളെ സിലബസിൽനിന്ന്‌ ഒഴിവാക്കിയ നടപടിയെയും വിദ്യാഭ്യാസമന്ത്രി ന്യായീകരിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും ഭരിക്കുന്ന സർക്കാരിനും എതിരായ ഒരു കാര്യവും സിലബസിൽ ഉണ്ടാകില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാരിൽനിന്ന്‌ ഉണ്ടാകില്ലെന്നും പ്രധാൻ അവകാശപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ അമിതമായ കേന്ദ്രീകരണം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന്‌ ചർച്ചയിൽ പങ്കെടുത്ത്‌ ജോൺബ്രിട്ടാസ്‌ എംപി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ മാനിക്കാൻ തയ്യാറാകണം. ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊണ്ട്‌ വൈവിധ്യങ്ങളെ അംഗീകരിക്കാൻ തയ്യാറാകണമെന്നും ബ്രിട്ടാസ്‌ ആവശ്യപ്പെട്ടു.