ലളിത് മോദിയുടെ പാസ്‌പോർട്ട് റദ്ദാക്കാൻ ഉത്തരവിട്ട് വാനുവാട്ടു പ്രധാനമന്ത്രി

0
22

സാമ്പത്തിക കുറ്റകൃത്യകേസിൽ അന്വേഷണം നേരിട്ടതോടെ രാജ്യം വിട്ട ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ ചെയർമാൻ ലളിത് മോദിയുടെ പാസ്‌പോർട്ട് റദ്ദാക്കാൻ വാനുവാട്ടു തീരുമാനിച്ചതായി റിപ്പോർട്ട്. ദക്ഷിണ പസഫിക് സമുദ്രത്തിലെ ദ്വീപുകളുടെ രാജ്യമായ വാനുവാട്ടുവിൽ പൗരത്വം ലഭിച്ചതിനാൽ തന്റെ ഇന്ത്യൻ പാസ്‌പോർട്ട് സറണ്ടർ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ലളിത് മോദി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

എന്നാല്‍ നാടുകടത്തൽ ഒഴിവാക്കാൻ വനുവാട്ടു പൗരത്വം ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ലളിത് മോദിയുടെ പാസ്പോർട്ട് റദ്ദാക്കാൻ പൗരത്വ കമ്മീഷന് നിർദ്ദേശം നൽകിയതായാണ് വാനുവാടു പ്രധാനമന്ത്രി ജോതം നാപതിന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നത്.

മിസ്റ്റർ മോദിക്കെതിരെ മുന്നറിയിപ്പ് നോട്ടീസ് നൽകണമെന്ന ഇന്ത്യൻ അധികൃതരുടെ അഭ്യർത്ഥനകൾ ഇന്റർപോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ നിരസിച്ചിരുന്നു. കാര്യമായ ജുഡീഷ്യൽ തെളിവുകളുടെ അഭാവം മൂലമാണ് ഇന്റർപോൾ അഭ്യർത്ഥന നിരസിച്ചതെന്ന് മനസ്സിലായതായും അത്തരമൊരു മുന്നറിയിപ്പുണ്ടായാൽ മോദിയുടെ പൗരത്വ അപേക്ഷ സ്വയമേവ നിരസിക്കപ്പെടുമെന്നും പ്രസ്താവനയിൽ വനുവാടു പ്രധാനമന്ത്രി പറഞ്ഞു. മോദിയെ കൈമാറാതിരിക്കാൻ മറ്റ് ന്യായമായ കാരണങ്ങളൊന്നുമില്ലെന്നും. മിസ്റ്റർ മോദിയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണ് അടുത്തിടെ പുറത്തുവന്ന വസ്തുതകളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഐപിഎൽ കമ്മീഷണറായിരിക്കെ കോടികളുടെ തട്ടിപ്പിൽ പങ്കാളിയായി എന്ന ആരോപണവുമായി ബന്ധപ്പെട്ട് 2010ലാണ് ലളിത് മോദി ഇന്ത്യവിട്ടത്.