കർണ്ണാടകയിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം; രാത്രികാഴ്ച കാണാനിറങ്ങിയ ഇസ്രയേലി ടൂറിസ്റ്റും ഹോം സ്‌റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായി

0
25

കർണ്ണാടകയിൽ രാത്രികാഴ്ചകൾ കാണാനിറങ്ങിയ രണ്ട് വനിതകൾ കൂട്ടബലാൽസം​ഗത്തിനിരയായതായി റിപ്പോർട്ട്. 27 വയസ്സുള്ള ഇസ്രായേലി വിനോദസഞ്ചാരിയും 29 വയസ്സുള്ള ഹോംസ്റ്റേ ഉടമയുമാണ് ബലാൽസം​ഗത്തിനിരയായത്. ഹംപിക്കടുത്തുള്ള പ്രശസ്തമായ സനാപൂർ തടാകത്തിന്‍റെ തീരത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. കനാൽ തീരത്ത് രാത്രി നക്ഷത്ര കാഴ്ചകൾ നോക്കി നിൽക്കുകയായിരുന്നു ഇവർ. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രക്കാരെ കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് മൂന്ന് പേര്‍ ചേര്‍ന്ന സംഘം സ്ത്രീകളെ ആക്രമിച്ചത്.

അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരെയാണ് കനാലിലേക്ക് തള്ളിയിട്ടത്. ഇതില്‍ ബിബാഷിനെ ഇതുവരെ കനാലില്‍ നിന്ന് കണ്ടെത്താനായിട്ടില്ല. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു.

ഹോംസ്റ്റേ ഉടമയുടെ പരാതിപ്രകാരം താനും മറ്റ് നാല് ​അതിഥികളും ചേർന്ന് വ്യാഴാഴ്ച രാത്രി 11:30 ഓടെ തുംഗഭദ്ര ഇടതുകര കനാലിനടുത്ത് നക്ഷത്രനിരീക്ഷണം നടത്താൻ പോയതായിരുന്നു. ഇവിടേക്ക് മോട്ടോർ സൈക്കിളിൽ വന്ന മൂന്ന് പുരുഷന്മാർ  പെട്രോൾ എവിടെ നിന്ന് കിട്ടുമെന്ന് ചോദിച്ചു. സമീപത്ത് പെട്രോൾ പമ്പ് ഇല്ലെന്ന് ഹോംസ്റ്റേ ഉടമ അറിയിച്ചപ്പോൾ, ഇവർ സഞ്ചാരികളോട് 100 രൂപ ആവശ്യപ്പെട്ടു. പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ വിനോദസഞ്ചാരികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് അവര്‍ ബൈക്കില്‍തന്നെ രക്ഷപ്പെടുകയായിരുന്നു.

ഇസ്രയേല്‍ വനിതയും ഹോംസ്‌റ്റേ ഉടമയും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണെന്നും ആവശ്യമെങ്കില്‍ അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ട ബലാത്സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.