ഉൽപ്പന്നങ്ങൾക്കുമേലുള്ള ഇറക്കുമതിചുങ്കം ഇരട്ടിയാക്കിയ യുഎസ് നടപടിക്കെതിരെ തിരിച്ചടിച്ച് ചൈന. യുഎസ് ആഗ്രഹിക്കുന്നത് വ്യാപാരമോ, തീരുവയോ അടിസ്ഥാനമാക്കിയ യുദ്ധമാണെങ്കിൽ ഏതറ്റംവരെയും പോരാടാൻ തങ്ങൾ തയ്യാറാണെന്നാണ് ചെെനയുടെ വിദേശ മന്ത്രാലയം വക്താവ് പ്രതികരിച്ചത്. ചെെനയുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കും. തീരുവ ഉയർത്തുന്നതിലൂടെ ചെെനയെ സമ്മർദത്തിലാക്കാനാണ് യുഎസ് ശ്രമിക്കുന്നത്. സമ്മർദമോ, ബലപ്രയോഗമോ, ഭീഷണിയോ വിലപ്പോകില്ല. ചെെനയ്ക്കുമേൽ സമ്മർദം ചെലുത്തുന്നവരുടെ കണക്കുകൂട്ടലുകൾ തെറ്റാണെന്നും ചെെന പ്രതികരിച്ചു.
ചെെനയിൽനിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 10 ശതമാനം ചുങ്കം ട്രംപ് കഴിഞ്ഞ ദിവസം ഇരട്ടിയാക്കിയിരുന്നു. ഇതിന് പിന്നാലെ 10 മുതൽ കോഴിയിറച്ചി, ചോളം, പരുത്തി എന്നിവ ഉൾപ്പെടെ യുഎസിൽനിന്നുള്ള ഇറക്കുമതിക്ക് 10 മുതൽ 15 ശതമാനംവരെ തീരുവ ചൈനയും പ്രഖ്യാപിച്ചു. 10 അമേരിക്കൻ കമ്പനികളെ ചെെന കരിമ്പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.