വിദ്വേഷ പ്രസംഗം നടത്തിയ പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിന് 24 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക്. ഏപ്രിൽ 15 രാത്രി ഏഴുതൊട്ട് ഏപ്രിൽ 16ന് ഏഴുവരെയാണ് വിലക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.
ഘോഷിൻറെ പ്രസംഗം പ്രകോപനപരവും ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. തുടർന്ന് പെരുമാറ്റച്ചട്ടലംഘനത്തിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
കൂച്ച് ബിഹാർ വെടിവെപ്പുമായി ബന്ധപ്പെട്ട ദിലീപ് ഘോഷിൻറെ പരാമർശമാണ് വിവാദമായത്. വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.തെരഞ്ഞെടുപ്പ് പുരോഗമിക്കേ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ദിലീപ് ഘോഷിൻറെ പരിപാടികളും റാലികളും നിശ്ചയിച്ചിരുന്നു. വിലക്ക് വന്നതോടെ വെള്ളിയാഴ്ചത്തെ പരിപാടികളിൽ ദിലീപ് ഘോഷിൻറെ സാന്നിധ്യമുണ്ടാകില്ല.