കേരളത്തിൽ വ്യവസായ രംഗത്തുണ്ടായ മുന്നേറ്റത്തെ ഇകഴ്ത്തിക്കാടാൻ കോൺഗ്രസ് നേതാക്കൾ നടത്തുന്ന ശ്രമങ്ങളെ തുറന്ന് വിമർശിച്ച് കെ ജെ ജേക്കബ്. ഇടതു നേതാക്കന്മാരെപ്പറ്റി രാഷ്ട്രീയ അപരാധം പറയുന്നതുപോലെയല്ല തലയ്ക്കു വെളിവുള്ള ആളുകൾ ഇടപെടുന്ന വിഷയങ്ങളിൽ മണ്ടത്തരം പറയുന്നത് എന്ന് കോൺഗ്രസ് നേതാക്കന്മാർ ഓർക്കണമെന്നും മൂന്നു ലക്ഷം പേര് ഒരു ലക്ഷം രൂപ വച്ച് നിക്ഷേപിച്ചാൽ എത്ര കോടി രൂപ വരും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്? ഗുണനം അറിയാവുന്ന ആരും കോൺഗ്രസിൽ ഇല്ല എന്നൊക്കെ വിചാരിക്കുന്നത് മോശമല്ലേ എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഗുണനം അറിയാവുന്ന കോൺഗ്രസുകാർക്കുവേണ്ടി ഒരു സങ്കട ഹർജി.
പണ്ട് കോവിഡ് ഡേറ്റ ഏകീകരിക്കാൻ സ്പ്രിങ്ക്ളർ കമ്പനിയെ ഏല്പിക്കുന്നതിനെക്കുറിച്ചു ചർച്ച നടക്കുന്ന കാലം. സ്പ്രിങ്ക്ളറിന്റെ പേര് മരുന്ന് ഭീമനായ ഫെയ്‌സറിന്റെ വെബ്‌സൈറ്റിൽ ഉണ്ടെന്നു ഞെട്ടിപ്പിക്കുന്ന വാർത്ത ഒരു പത്രം റിപ്പോർട്ട് ചെയ്യുകയും കോൺഗ്രസ് നേതാക്കന്മാർ അതേറ്റെടുക്കുകയും അന്തിചർച്ച എട്ടുദിക്കും പൊട്ടുന്ന ശബ്ദത്തിൽ നടക്കുകയും ചെയ്യുന്ന കാലം.
ജന്മനാ കോൺഗ്രസുകാരനായിപ്പോയ ഒരു സുഹൃത്ത് എന്നെ വിളിച്ചു. ഐ ടി യുമായി ബന്ധപ്പെട്ട് വളരെ ഉയർന്ന തലത്തിൽ ഇടപാടുകൾ നടത്തുന്ന ആളാണ്. എന്തൊക്കെയാണ് ഇവന്മാർ പറഞ്ഞുനടക്കുന്നത്, സ്വന്തം ക്ലയന്റിന്റെ ഡേറ്റ തങ്ങൾക്കാണെങ്കിലും മറിച്ചുവിൽക്കുന്ന കമ്പനിയെ സ്വന്തം ഡേറ്റ ഫൈസർ പോലെ ഒരു കമ്പനി ഏൽപിക്കില്ല എന്ന് മനസിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടോ എന്ന ലളിതമായ ചോദ്യമാണ് പുള്ളി ചോദിച്ചത്. അരിശം കൊണ്ട് വാക്ക് മുറിയുന്നതും ഞാൻ ശ്രദ്ധിച്ചു.
ഇടതു നേതാക്കന്മാരെപ്പറ്റി രാഷ്ട്രീയ അപരാധം പറയുന്നതുപോലെയല്ല തലയ്ക്കു വെളിവുള്ള ആളുകൾ ഇടപെടുന്ന വിഷയങ്ങളിൽ മണ്ടത്തരം പറയുന്നത് എന്ന് കോൺഗ്രസ് നേതാക്കന്മാർ ഓർക്കണം. നല്ല വെളിവും ബോധവുമുള്ള കോൺഗ്രസുകാർ ഇപ്പോഴും ധാരാളമുണ്ട്. അക്കൂട്ടത്തിൽ പ്രൊഫഷണലുകളുമുണ്ട്. എന്തിന്, പ്രൊഫഷണൽസ് കോൺഗ്രസ് എന്ന സംഘടന പോലുമുണ്ട്. അവരൊക്കെ ഇമ്മാതിരി വർത്താനം കേട്ട് അടുത്ത വണ്ടിയ്ക്ക് തലവയ്ക്കാത്തതു വിളിച്ചു ചീത്ത പറയാൻ എന്നെപ്പോലുള്ള സുഹൃത്തുക്കൾ ഉള്ളതുകൊണ്ടും പിന്നെ സ്വന്തം ജീവിതം കൊണ്ട് വീടിനും നാടിനും ഗുണമുണ്ട് എന്ന് അവർക്കു തോന്നുന്നതും കൊണ്ടാണ്.
കേരളത്തിൽ ഒരു വ്യവസായ യൂണിറ്റ് വരുന്നു; അല്ലെങ്കിൽ ഒരു നിക്ഷേപ സമ്മേളനം നടക്കാൻ പോകുന്നു. അതിനിത്രയും വെകിളി പിടിക്കേണ്ട കാര്യമെന്ത്?
മിനിയാന്ന് ടി വി യിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവ് ചോദിക്കുന്നു, മൂന്നുലക്ഷം സംരംഭം എന്ന് മന്ത്രി രാജീവ് പറയുന്നു. എന്നിട്ട് സ്റ്റാർട്ടപ്പ് മിഷന്റെ സൈറ്റിൽ ഏഴായിരമല്ലേ ഉള്ളൂ എന്ന്. സ്റ്റാർട്ടപ്പ് എന്താണ് സംരംഭം എന്താണ് എന്ന് ഒരു ധാരണയുമില്ലാതെ ഓരോന്ന് വിളിച്ചു പറയുമ്പോൾ ഇതിൽ ഇറങ്ങി പണിയെടുക്കുന്ന കോൺഗ്രസുകാർക്ക് നാണക്കേടുണ്ടാകും എന്നാലോചിക്കണ്ടേ?
ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മിസൈലാക്രമണമുണ്ടായിരുന്നു. മൂന്നുലക്ഷം തന്നെ പുള്ളീടേം പ്രശ്നം. ആവറേജ് ഒരു ലക്ഷം വച്ച് മൂന്നുലക്ഷം നിക്ഷേപിച്ചാൽ മുപ്പതിനായിരം കോടി രൂപ ജി ഡി പി യിൽ കൂടില്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. നിക്ഷേപം നേരെ പോയി ജി ഡി പി യിൽ കയറി മസിലു കാണിച്ചു നിൽക്കും എന്ന് അദ്ദേഹത്തോട് ആരാണ് പറഞ്ഞത്? ആ നിക്ഷേപം സേവനമോ ഉത്പന്നമോ ഉല്പാദിപ്പിച്ചിട്ടുവേണം അത് ജി ഡി പി യിൽ വരാൻ എന്ന് എന്നറിയാവുന്ന കോൺഗ്രസുകാർക്ക് നാണം തോന്നൂല്ലേ?
അതുപിന്നെ ഇക്കണോമിക്സ് ആണെന്ന് വയ്ക്കാം. കോളേജിലൊക്കെ പോയി പഠിക്കേണ്ട വിഷയമാണ്.
മൂന്നു ലക്ഷം പേര് ഒരു ലക്ഷം രൂപ വച്ച് നിക്ഷേപിച്ചാൽ എത്ര കോടി രൂപ വരും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്? ഗുണനം അറിയാവുന്ന ആരും കോൺഗ്രസിൽ ഇല്ല എന്നൊക്കെ വിചാരിക്കുന്നത് മോശമല്ലേ?
അല്ല, അല്ലേ?
PS: മൂന്നു ലക്ഷം പേർ ഒരു ലക്ഷം രൂപ വച്ച് നിക്ഷേപിച്ചാൽ എത്ര വരും എന്നതിന്റെ വിശദമായ കണക്കു കമന്റിൽ കൊടുത്തിട്ടുണ്ട്