സാഹസിക ടൂറിസം വിനോദങ്ങളൊരുക്കാൻ ആലപ്പുഴ തയ്യാറെടുക്കുന്നു

0
28

സാഹസിക ടൂറിസത്തിന്‍റെ കാഴ്ചകളും അനുഭവവുമൊരുക്കാൻ തയ്യാറെടുക്കുകയാണ് ആലപ്പുഴ. ഇതിന്റെ ഭാ​ഗമായി ആദ്യം ആലപ്പുഴ ബീച്ചിൽ സാഹസിക വിനോദോപാധികൾ ആരംഭിക്കാനാണ് ജില്ലാ ടുറിസം പ്രമോഷൻ കൗൺസിൽ ലക്ഷ്യമിടുന്നത്. കടൽസഞ്ചാരത്തിനായി രണ്ടു സ്പീഡ് ബോട്ടുകൾ, ചെറുയാത്രാബോട്ടുകൾ, ബീച്ചിൽ ഉപയോ​ഗിക്കുന്ന സാഹസിക വാഹനങ്ങൾ എന്നിവ ഒരുക്കും. കേരള സാഹസ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ സുരക്ഷാ പരിശോധന നടത്തി അന്തിമാനുമതി ഉറപ്പാക്കും. കൈനകരി വട്ടക്കായൽ ടെർമിനലിൽ വാട്ടർ ബൈക്കും ഒരുക്കുന്നുണ്ട്.

കായലിലും സാഹസിക വിനോദങ്ങൾ ഒരുക്കുന്നുണ്ട്. പോണ്ടൂൺ ആഡംബര ബോട്ടാണ് വട്ടക്കായലിലെ പ്രധാന ആകർഷണം. ബോട്ട് ആലപ്പുഴയിലേക്ക് എത്തിച്ചുകഴിഞ്ഞു. കുടാതെ, മറ്റു ബോട്ടുകളും ഇവിടെയുണ്ടാകും.

നിലവിൽ ആലപ്പുഴയിലെത്തുന്ന സഞ്ചാരികൾക്ക് പുരവഞ്ചിസഞ്ചാരം കഴിഞ്ഞാൽ മറ്റു വിനോദങ്ങൾ പരിമിതമാണ്. ബീച്ചിലൊന്നു കറങ്ങി ലൈറ്റ് ഹൗസ് കൂടി കണ്ടിറങ്ങിയാൽ ആലപ്പുഴക്കാഴ്ചകൾ അവസാനിച്ച മട്ടാണ്. പുതിയ വിനോദങ്ങൾ വരുന്നതോടെ കൂടുതൽപേർ ആലപ്പുഴയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്.