അമേരിക്കയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയതിൽ വിവാദം തുടരുന്നു. കൈവിലങ്ങണിയിച്ചും ചങ്ങലകൊണ്ട് സീറ്റിൽ ബന്ധിച്ചുമാണ് ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്. കുടാതെ സിഖ് മതവിശ്വാസികൾക്ക് അവരുടെ മതാചാരമായ തലപ്പാവ് അണിയാനും അനുവദിച്ചില്ല. അമേരിക്കൻ വ്യോമസേനാ വിമാനത്തിൽ കയറിയപ്പോൾ തങ്ങളെ തലപ്പാവ് അണിയാൻ അനുവദിച്ചില്ലെന്ന് നാടുകടത്തപ്പെട്ട ഒരു കുടിയേറ്റക്കാരൻ വെളിപ്പെടുത്തി. ഇതിൽ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കയിൽ പിടിയിലായതിന് പിന്നാലെ തന്നെ തങ്ങളുടെ തലപ്പാവ് അഴിച്ചുമാറ്റിയെന്നാണ് ഒരാൾ വെളിപ്പെടുത്തിയത്. യു.എസിൽ നിന്ന് നാടുകടത്തപ്പെട്ട് അമൃത്‌സർ വിമാനത്താവളത്തിലെത്തിയവരെ സഹായിക്കാനെത്തിയ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങൾ ടർബൻ നൽകുകയും ചെയ്തു.
https://x.com/gswaraich6/status/1890980907068117250
കുടിയേറ്റക്കാരെയും വഹിച്ചുള്ള മൂന്നാമത്തെ സൈനിക വിമാനമാണ് ഞായറാഴ്ച രാത്രി എത്തിയത്. 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 44 ഹരിയാന സ്വദേശികളും 31 പഞ്ചാബ് സ്വദേശികളുമായിരുന്നു. ഈ സംഘത്തിൽ 19 സ്ത്രീകളും 14 കുട്ടികളും രണ്ട് നവജാത ശിശുക്കളുമുണ്ടായിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയ്ക്കാരുമായുള്ള ആദ്യവിമാനം അമൃത്‌സറിലെത്തിയത്. പിന്നാലെ ഫെബ്രുവരി 15-ന് രണ്ടാമത്തെ സംഘമെത്തി. ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്.