ആർഎസ്എസ് അക്രമങ്ങൾ അവസാനിപ്പിച്ചിട്ടില്ലെന്നും കൊലപാതക രാഷ്ട്രീയം കൊണ്ട് ആരും രക്ഷപ്പെടാൻ പോകുന്നില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തെ സിപിഐ എം ജനകീയ പ്രതിരോധത്തോടെ നേരിടും. പത്തനംതിട്ട റാന്നിയിലെ സിഐടിയു പ്രവർത്തകൻ ജിതിൻ ഷാജിയെ ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി പ്രവർത്തകർ ഉൾപ്പടെ നിരവധിയാളുകൾ സിപിഐ എമ്മിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതിനെ തടയിടാൻ ബിജെപി കണ്ടെത്തിയ മാർഗമാണ് കൊലപാതക രാഷ്‌ട്രീയം. സംഘടനാ രംഗത്ത് സജീവമായി നിൽക്കുന്ന ചുമട്ടുമേഖലയിലെ ഒരു പ്രധാനപ്പെട്ട അംഗത്തെയാണ് ആർഎസ്‌എസ് ബിജെപി സംഘം മൃഗീയമായി കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതക രാഷ്‌ട്രീയം വ്യക്തമായി പ്ലാൻ ചെയ്‌ത് അവതരിപ്പിച്ച ഒരുപ്രസ്ഥാനമാണ് ആർഎസ്‌എസ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജിതിന്റെ ശരീരത്തിൽ ആഴമേറിയ മുറിവുകൾ ഉണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. തുടയിലും വലതുകൈയിലും വയറിലും വെട്ടേറ്റു. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ കൈവിരലുകൾക്കും മുറിവേറ്റു. കേസിൽ എട്ടുപേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഞായറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിന് കുത്തേറ്റത്. ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ട് പേർക്കും കൂടി അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.