ചോദ്യങ്ങൾ ചോദിക്കുന്ന എൻറെ സ്വഭാവവും ഡബ്ലൂ.സി.സിയുമൊക്കെയായപ്പോൾ ആളുകൾ എൻറെ മുഖത്തുപോലും നോക്കാതെയായി. പക്ഷേ ഞാൻ സിനിമ മേഖലയിലെ സമത്വത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന പൂർണബോധ്യമുണ്ടെന്നും നടി പാർവ്വതി തിരുവോത്ത്. ദ് ന്യൂ ഇൻഡ്യൻ എക്സ്പ്രസിലെ അഭിമുഖത്തിലാണ് പർവ്വതി സിനിമമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൽ തുറന്നു പറഞ്ഞത്.
തുടക്ക കാലത്ത് തെലുങ്കിൽ പോയി ഐറ്റം ഡാൻസ് ചെയ്ത് പണമുണ്ടാക്കൂ, പിന്നീട് കേരളത്തിൽ വന്ന് അർഥവത്തായ സിനിമകൾ ചെയ്യാം എന്ന് ഉപദേശിച്ചവരുണ്ടെന്നും തനിക്ക് അതിനോട് താൽപര്യമില്ലായിരുന്നുവെന്നും നടി പറഞ്ഞു. ഇപ്പോൾ സിനിമകൾ കുറവാണെന്നും പക്ഷേ ഫാഷൻ ഫോട്ടോഷൂട്ട് തുടങ്ങി പല കാര്യങ്ങൾ ചെയ്യുന്നതു കൊണ്ട് തിരക്കുണ്ടെന്നും ഇതെല്ലാം ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത് എന്നും അവർ കൂട്ടി ചേർത്തു.
ആദ്യം അഭിനയം എൻറെ വഴിയല്ല എന്ന തോന്നലുണ്ടായിരുന്നു. എന്നാൽ ഓരോ സിനിമ കഴിയുമ്പോഴും എനിക്കിത് പറ്റും എന്ന ആത്മവിശ്വാസമുണ്ടായി. സമൂഹമാധ്യമത്തിൻറെ അതിപ്രസരം അത്രമേലുണ്ടായിരുന്ന ഒരു കാലത്തായിരുന്നില്ല എൻറെ അഭിനയ ജീവിതത്തിൻറെ തുടക്കമെന്നതും നന്നായി. അതിനു ശേഷമുണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. ചോദ്യങ്ങൾ ചോദിക്കുന്ന എൻറെ സ്വഭാവവും ഡബ്ലൂ.സി.സിയുമൊക്കെയായപ്പോൾ ആളുകൾ എൻറെ മുഖത്തുപോലും നോക്കാതെയായി. പക്ഷേ ഞാൻ സിനിമ മേഖലയിലെ സമത്വത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന പൂർണബോധ്യമുണ്ട്. ഇങ്ങനെ പറയാൻ സാധിക്കുന്നത് തന്നെ ഒരനുഗ്രഹമാണ്, കാരണം ഒരു കാലം വരെ നല്ല സിനിമകൾ ചെയ്ത് കാശുണ്ടാക്കിയതു കൊണ്ടാണ് എനിക്ക് നിലപാടുകളിൽ ഉറച്ചുനിൽക്കാനാകുന്നത്. നല്ലൊരു മനുഷ്യനാകാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്, പാർവതി പറഞ്ഞു.
എനിക്ക് സിനിമാ അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ട്. അതിന്റെ കാരണം ഒരാളെ നിശബ്ദരാക്കാനുള്ള ഏറ്റവും നല്ല മാർഗം അവരെ പട്ടിണിക്കിടുക എന്നതാണല്ലോ. അവസരങ്ങൾ ലഭിക്കാതെ ഞാൻ എങ്ങനെയാണ് എന്റെയുള്ളിലെ ക്രാഫ്റ്റ് മെച്ചപ്പെടുത്തുക?. ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടും എനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ, മലയാളത്തിൽ എനിക്കു കിട്ടേണ്ട അത്രയും സിനിമകൾ കിട്ടിയില്ല എന്നും പാർവതി വ്യക്തമാക്കുന്നു. തമാശക്കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തനിക്ക് ഇഷ്ടമാണെന്നും അഭിമുഖത്തിൽ പാർവതി പറയുന്നുണ്ട്. സംവിധാനത്തിലേക്ക് കടക്കുന്നുവെന്നും താരം വെളിപ്പെടുത്തി. പല പ്രൊജക്ടുകളുടെയും എഴുത്തിൻറെ ഭാഗമാകുന്നുണ്ട്. ഇപ്പോൾ ഇതേക്കുറിച്ച് കൂടുതൽ പറയാനാവില്ലെന്നും അനുയോജ്യമായ സമയത്തിനായി പറയുമെന്നും പാർവ്വതി പറഞ്ഞു.