കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേ വികസനം; ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിട്ടിക്ക് കൈമാറിയതായി മുഖ്യമന്ത്രി

0
73

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ (RESA) വികസനത്തിനായി 12.54 ഏക്കർ ഭൂമി ഏറ്റെടുത്ത് 19.10.2023-ൽ എയർപോർട്ട് അതോറിട്ടിക്ക് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.  പി. അബ്ദുൾ ഹമീദിൻ്റെ ശ്രദ്ധക്ഷണിക്കലിന്  മന്ത്രി വി അബ്ദുറഹ്മാനാണ് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞത്.

ഇത് കൂടാതെ, റൺവേ ലീഡ് ഇൻ ലൈറ്റും സോളാർ പവേർഡ് ഹസാർഡ് ലൈറ്റും സ്ഥാപിക്കുന്നതിനായി പള്ളിക്കൽ, ചേലേമ്പ്ര വില്ലേജുകളിൽ നിന്നും കണ്ണമംഗലം വില്ലേജിൽ നിന്നും 11.5ആർ ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകൾക്ക് ചില ആശങ്കകളുണ്ട്. ഇക്കാര്യംകൂടി പരിഗണിച്ചാകും സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുക.

വിമാനത്താവള വികസനത്തിനായി 2047ഓടെ 436 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ ലഭ്യമായിട്ടുണ്ട്. മാസ്റ്റർ പ്ലാൻ അനുസരിച്ച് ഏറ്റെടുക്കേണ്ട ഭൂമിയുടെ കാര്യത്തിൽ തുടർനടപടി സ്വീകരിക്കുന്നതിന് സംയുക്ത പരിശോധനയ്ക്ക് എയർപോർട്ട് അതോറിട്ടിയുടെ സാങ്കേതിക വിദഗ്ദ്ധർ കൂടി ഉൾക്കൊള്ളുന്ന ടീം രൂപീകരിക്കുന്നതിന് എയർപോർട്ട് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.

യാത്രാക്കാരുടെ സുരക്ഷിതത്വം, സൗകര്യം, മെച്ചപ്പെട്ട യാത്രാ അനുഭവം എന്നിവ ഉറപ്പു വരുത്തുന്നതിനായി നിരവധി വികസ പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി ആഗമന കവാടത്തിലും വെസ്റ്റിബ്യൂൾസ് ക്രമീകരിച്ചിട്ടുണ്ട്. 24 അധിക ചെക്കിംഗ് കൗണ്ടർ, പുതിയ ഡൊമസ്റ്റിക്ക് സെക്യൂരിറ്റി ഹോൾഡ് ഏരിയ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ 32 എമിഗ്രേഷൻ കൗണ്ടറുകൾ, ഇന്റർനാഷണൽ അറൈവലിനായി കൂടുതൽ എസ്‌കലേറ്റർ നിർമ്മാണം, ഡൊമസ്റ്റിക്ക് അറൈവലുകളിൽ കൂടുതൽ ലെഗേജ് ബെൽറ്റുകൾ എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു.

ടെർമിനൽ ബിൽഡിംഗിൽ കൂടുതൽ റിസർവ്ഡ് ലോഞ്ചുകൾ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട്- കോലാലംപൂർ, കോഴിക്കോട്-കൊച്ചി-അഗത്തി സർവ്വീസുകൾ ആരംഭിച്ചു. ഇപ്രകാരം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.