വേദനയനുഭവിക്കുന്നവരെ പരിചരിക്കുന്നതിൽ കാട്ടുന്ന മനസ്സും ശുഷ്കാന്തിയും ഏതു സമൂഹത്തിന്റെയും മനുഷ്യത്വത്തിന്റെ അളവുകോൽ – മുഖ്യമന്ത്രി പിണറായി വിജയൻ

0
17

വേദനയനുഭവിക്കുന്നവരെ പരിചരിക്കുന്നതിൽ കാട്ടുന്ന മനസ്സും ശുഷ്കാന്തിയും ഏതു സമൂഹത്തിന്റെയും മനുഷ്യത്വത്തിന്റെ അളവുകോലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലിയേറ്റീവ് കെയർ സന്നദ്ധ സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാന്ത്വന പരിചരണം ആവശ്യമുള്ള മുഴുവനാളുകളെയും ഇക്കാര്യത്തിൽ ചേർത്തുപിടിക്കാൻ നമുക്കു കഴിയണം. ആ അർത്ഥത്തിലാണ് സാന്ത്വന പരിചരണ പദ്ധതികൾ വ്യാപകമാക്കേണ്ടതിന്റെ പ്രസക്തി ഏറുന്നത്. പാലിയേറ്റീവ് കെയർ മേഖലയിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയാൽ മാത്രമേ മാറുന്ന കാലത്തിന് അനുസൃതമായ പുരോഗമന കാഴ്ചപ്പാടുകളും സേവനങ്ങളും ഉള്ള നാടായി കേരളത്തിനു മുന്നേറാൻ കഴിയൂ. അങ്ങനെ മാത്രമേ ഒരു നവകേരളം സൃഷ്ടിക്കാൻ നമുക്കു കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ മന്ത്രിമാരായ എം ബി രാജേഷ്, വീണാ ജോർജ്, ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവരും പങ്കെടുത്തു.

പാലിയേറ്റീവ് കെയർ സന്നദ്ധ സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം – പൂർണരൂപം

പാലിയേറ്റീവ് കെയർ രംഗത്തു പ്രവർത്തിക്കുന്നതും ആ രംഗത്തു കാര്യമായ സംഭാവനകൾ നൽകാൻ കഴിയുന്നതുമായ സന്നദ്ധ സംഘടനകളുടെ യോഗമാണിത്.

പാലിയേറ്റീവ് കെയർ എന്ന സങ്കൽപത്തിന് അധികം പഴക്കമൊന്നുമില്ല. എന്നാൽ, ഇതിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ ഇതിന്റെ മാനുഷികവശം മനസ്സിലാക്കി ഈ രംഗത്തു പ്രവർത്തിച്ച സന്നദ്ധ പ്രവർത്തകരുണ്ട്. സന്നദ്ധ സംഘടനകൾ തന്നെയുമുണ്ട്. ആരുടെയും പ്രേരണയാലല്ലാതെ, മനുഷ്യത്വ പ്രേരിതമായി പ്രവർത്തിച്ചവർ. വേദനകളിൽ ആശ്വാസമാവുന്നതിനേക്കാൾ വലിയ ധർമ്മം വേറെയില്ല എന്നുകരുതി അർപ്പണബോധത്തോടെ പ്രവർത്തിച്ചവർ. സത്യത്തിൽ ഔദ്യോഗികവും ഔപചാരികവുമായ പാലിയേറ്റീവ് കെയർ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും മാതൃകയായത് ഇതാണ്.

അതുകൊണ്ടുതന്നെ, അങ്ങനെയുള്ള സന്നദ്ധ പ്രവർത്തകരെയും സന്നദ്ധ സംഘനകളെയും അഭിനന്ദിച്ചുകൊണ്ടു തുടങ്ങട്ടെ. അത്യന്തം ജീവകാരുണ്യപരമായ പ്രവൃത്തിയാണ് നിങ്ങൾ ഏറ്റെടുത്തു നടത്തുന്നത്. ഏറ്റവും ഉദാത്തമായ സേവനരംഗങ്ങളിലാണു നിങ്ങൾ സമർപ്പിതമായ മനസ്സോടെ പ്രവർത്തിക്കുന്നത്. ഓരോ വ്യക്തിയുടെയും വേദനകൾ മനസ്സിലാക്കി, ഓരോ വീട്ടിലെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കി നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സർക്കാർ ഇപ്പോൾ ഈ രംഗത്തു കാര്യമായ തോതിൽ ഇടപെടുന്നുണ്ട്. ഇതിനു പ്രചോദനമായതുപോലും നിങ്ങളുടെ പ്രവൃത്തികളാണ്. സർക്കാരിന്റെ ഈ രംഗത്തെ പ്രവർത്തനങ്ങൾ ഫലപ്രദമാവുന്നു എന്നുറപ്പുവരുത്താൻ നിങ്ങളുടെ സഹകരണമുണ്ടാവണം.

വേദനയനുഭവിക്കുന്നവരെ പരിചരിക്കുന്നതിൽ കാട്ടുന്ന മനസ്സും ശുഷ്കാന്തിയും ഏതു സമൂഹത്തിന്റെയും മനുഷ്യത്വത്തിന്റെ അളവുകോലാണ്. സാന്ത്വന പരിചരണം ആവശ്യമുള്ള മുഴുവനാളുകളെയും ഇക്കാര്യത്തിൽ ചേർത്തുപിടിക്കാൻ നമുക്കു കഴിയണം. ആ അർത്ഥത്തിലാണ് സാന്ത്വന പരിചരണ പദ്ധതികൾ വ്യാപകമാക്കേണ്ടതിന്റെ പ്രസക്തി ഏറുന്നത്.

ഒരാൾ വേദനകൊണ്ടു പുളയുന്നതായി അറിഞ്ഞാൽ, ആ ആൾക്ക് നൊമ്പരങ്ങളിൽ സാന്ത്വനമുണ്ടാകാത്തിടത്തോളം തനിക്കു സ്വസ്ഥമായി ഉറങ്ങാനാവില്ല എന്ന ചിന്തയോടെ ഇടപെടാൻ കഴിയണം. അത്തരത്തിലുള്ള ഒരു പൊതുബോധം സമൂഹത്തിൽ വളർന്നുവന്നാൽ സാന്ത്വന പരിചരണം ഫലപ്രദമാവും. സമൂഹത്തിൽ ഈ മനോഘടനയും ഇത് പ്രവർത്തിക്കുന്ന ഒരു ഭൗതിക ഘടനയും രൂപപ്പെടുത്താനാണു നാം യത്നിക്കുന്നത്.

ഇന്നിപ്പോൾ കേരളത്തിൽ നിരവധിയാളുകൾ തനിയെ താമസിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ചിലർ ഒറ്റപ്പെട്ടും താമസിക്കുന്നുണ്ട്. അങ്ങനെയുള്ളവരുടെ സൗകര്യാർത്ഥമാണ് സർക്കാർ തലത്തിലെ വാതിൽപ്പടി സേവനങ്ങൾ, സാമൂഹ്യസുരക്ഷാ മിഷൻ തലത്തിലെ വയോമിത്രം, പോലീസ് സ്റ്റേഷനുകളിലെ സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്ക് എന്നിവയൊക്കെ ആവിഷ്ക്കരിച്ചിട്ടുള്ളത്. ഇവയിലൂടെയൊക്കെ വയോധികർക്ക് ആവശ്യമായ പൊതു-ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

എന്നിരുന്നാലും, കിടപ്പുരോഗികൾ, വീട്ടിൽത്തന്നെ പരിചരണം ആവശ്യമുള്ളവർ, മുഴുവൻ സമയവും സഹായം ആവശ്യമുള്ളവർ എന്നിവരെയൊക്കെ പ്രത്യേകമായി കരുതേണ്ടതുണ്ട് എന്നതാണ് സർക്കാരിന്റെ നിലപാട്. അതിനായാണ് പാലിയേറ്റീവ് സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാനും നിലവിൽ ഉള്ളവയെ ഏകോപിപ്പിക്കാനും ഒക്കെ ശ്രമിക്കുന്നത്. കേരളത്തിൽ പാലിയേറ്റീവ് കെയർ ആവശ്യമായ എല്ലാവർക്കും അത് ലഭ്യമാക്കണം എന്നാണ് കരുതുന്നത്. അക്കാര്യത്തിൽ പാലിയേറ്റീവ് കെയർ രംഗത്തെ സന്നദ്ധസംഘടനകളുടെ സഹകരണം കൂടി ഉറപ്പുവരുത്താനാണ് ഈ യോഗം ചേർന്നിരിക്കുന്നത്.

സർക്കാർ സമഗ്രമായ ഒരു പദ്ധതി ഇക്കാര്യത്തിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്. ജനകീയ ക്യാമ്പയിൻ ആരംഭിക്കുന്നുമുണ്ട്. അതു വിജയിപ്പിക്കാൻ നിങ്ങൾ കാര്യമായി സഹകരിക്കണം. ദീർഘകാല രോഗങ്ങൾ മൂലം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാൻ ഉദ്ദേശിച്ചാണ് പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ ആവിഷ്ക്കരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയുമാണ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

രോഗികൾക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാൻ ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പിന്റെ ഹോം കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിയമിക്കുന്നത്. 1,142 പ്രൈമറി പാലിയേറ്റീവ് യൂണിറ്റുകൾ സർക്കാർ മേഖലയിലുണ്ട്. ഇവ വഴി 1,14,439 രോഗികൾക്ക് പരിചരണം നൽകിവരുന്നുണ്ട്.

കിടപ്പിലായ രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാൻ 20,000 ജനസംഖ്യയുള്ള പ്രദേശത്ത് ഒരു ഹോം കെയർ യൂണിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കണമെന്ന് പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിൽ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ 30,000 പേരടങ്ങുന്ന ജനസംഖ്യാ പ്രദേശത്തിന് ഒരു കെയർ യൂണിറ്റാണ് പ്രവർത്തിക്കുന്നത്.

ആക്ഷൻ പ്ലാനിൽ നിർദ്ദേശിച്ചതുപ്രകാരം ഹോം കെയർ യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയാണ്. ഇക്കാര്യത്തിൽ സംഘടനകളുടെ സഹകരണം അഭ്യർത്ഥിക്കുകയാണ്.

മാനദണ്ഡങ്ങൾക്കനുസൃതമായി യൂണിറ്റുകൾക്ക് രജിസ്ട്രേഷൻ നൽകാനുള്ള സംവിധാനമൊരുക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലാണ് രജിസ്ട്രേഷൻ നടത്തുക. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാരപരിധിയിലെ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിശദാംശങ്ങൾ സമാഹരിച്ച് രജിസ്ട്രേഷൻ നടത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഗൃഹപരിചരണം ആവശ്യമായ എല്ലാവർക്കും ഗുണമേന്മയുള്ള ഗൃഹപരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഓരോ രോഗിക്കും പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ പിന്തുണ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി പരിശീലിപ്പിക്കണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

പുതിയ വളന്റിയർമാരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഉള്ളത്. കണ്ടെത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് ശാസ്ത്രീയമായ പരിശീലനം അവർ ഉറപ്പാക്കും. പരിശീലന മൊഡ്യൂളും പരിശീലകരെയും ആരോഗ്യ വകുപ്പ് ലഭ്യമാക്കും. ഓരോ രോഗിക്കൊപ്പവും പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുണ്ടെന്ന് ഉറപ്പുവരുത്താൻ രാഷ്ട്രീയ പാർട്ടികളുടെയും ബഹുജന സംഘടനകളുടെയും പിന്തുണ ഉപകാരപ്പെടും.

രോഗീപരിചരണമാണ് പാലിയേറ്റീവ് കെയറിൽ കാര്യമായി ഉൾപ്പെട്ടിട്ടുള്ളത്. ഗുരുതര രോഗബാധിതരല്ലാത്തതും എന്നാൽ പരിചരണം ആവശ്യമുള്ളതുമായ വയോജനങ്ങളും ഭിന്നശേഷിക്കാരും ധാരാളമുണ്ട്. ഇവരെക്കൂടി ഉൾക്കൊള്ളിച്ച് ബി പി എൽ, എ പി എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പരിചരണം ഉറപ്പാക്കുംവിധം ഡൊമിസിലിയറി കെയർ പദ്ധതിയായി വിപുലീകരിച്ച് മികച്ച പരിചരണം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

നിരാലംബരായ വയോജനങ്ങളെ പാർപ്പിച്ചിരിക്കുന്ന ഹോമുകൾ, സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും പ്രവർത്തിക്കുന്ന വൃദ്ധ മന്ദിരങ്ങൾ എന്നിവിടങ്ങളിൽക്കൂടി പാലിയേറ്റീവ് കെയർ സേവനം എത്തിക്കാനാണ് ശ്രമിക്കുന്നത്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ മുഴുവൻ ആളുകളെയും കുടുംബങ്ങളെയും കണ്ണി ചേർത്തുകൊണ്ട് എ പി എൽ, ബി പി എൽ വ്യത്യാസമില്ലാതെ മികച്ച പരിചരണം ഉറപ്പാക്കാനായി ജനകീയ മുന്നേറ്റം നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായ ക്യാമ്പയിൻ പ്രവർത്തനം 2025 ജനുവരി 1 ന് ആരംഭിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും പൂർണ്ണ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കട്ടെ.

മാസത്തിലൊരിക്കൽ വീടുകളിലെത്തി ഹോം കെയർ ടീം വീട്ടുകാർക്ക് പരിചരണരീതി പഠിപ്പിച്ചുകൊടുക്കുകയും പരിചരണ സാമഗ്രികൾ നൽകുകയും ചെയ്യുന്നുണ്ട്. മാസത്തിലൊരിക്കൽ ആശാ പ്രവർത്തകർ ഇത്തരം രോഗികളെ സന്ദർശിച്ച് പിന്തുണ നൽകുന്നുണ്ട്.

വീടുകളിൽ മെഡിക്കൽ നഴ്സിംഗ് പരിചരണം നൽകുന്ന അഞ്ഞൂറിലധികം സന്നദ്ധ സംഘടനകളുണ്ട് എന്നാണ് കണ്ടിട്ടുള്ളത്. ഇവയ്ക്ക് രജിസ്ട്രേഷൻ നൽകണമെന്ന് പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിൽ നിർദ്ദേശിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയർ യൂണിറ്റുകളുമായി ചർച്ച നടത്തി രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ഇല്ലാതെ ആരും ഇൗ മേഖലയിൽ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അത് പരിചരണം ലഭി ക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും നിയമപരമായ നൂലാമാലകൾ ഇല്ലാതാക്കുന്നതിനും ഉപകരിക്കും.

മെഡിക്കൽ, നഴ്സിംഗ് പരിചരണം നൽകുന്ന യൂണിറ്റുകൾ ആരോഗ്യ വകുപ്പിന്റെ രജിസ്ട്രേഷൻ നടപടികൾ കൂടി പൂർത്തീകരിക്കണം എന്നാണ് കണ്ടിട്ടുള്ളത്. രജിസ്റ്റർ ചെയ്ത യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ഏകോപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ സേവനങ്ങൾ ഫലപ്രദമായി ലഭ്യമാക്കാൻ കഴിയും.

ദൈനംദിന പരിചരണം ആവശ്യമായ രോഗികളുള്ള വീടുകളിൽ ബയോമെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ, രാസ മാലിന്യങ്ങളെ മറ്റ് മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ച് കൈകാര്യം ചെയ്യാൻ ആവശ്യമായ അവബോധവും പരിശീലനവും ലഭ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുകയാണ്.

ബയോമെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ, രാസ മാലിന്യങ്ങളെ ഹസാർഡസ് മാലിന്യങ്ങളായി നിർണയിച്ചതിനാൽ പാലിയേറ്റീവ് പരിചരണം നടത്തുന്ന വീടുകളിൽ കളർകോഡഡ് ബിന്നുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ബിന്നുകളിൽ നിന്നും ഇത്തരം മാലിന്യങ്ങൾ ശേഖരിച്ച് സംഭരിക്കാനും സംസ്കരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതാണ്.

വിവിധ തലങ്ങളിലുള്ള പരിചരണം ആവശ്യമുള്ളവരുണ്ട്. ചിലർക്ക് ആഴ്ചയിലൊരു ദിവസം പരിശീലനം സിദ്ധിച്ചവരുടെ സേവനം ലഭിച്ചാൽ മതിയാകും. മറ്റു ചിലർക്ക് ദൈനംദിന ശ്രദ്ധ വേണ്ടതുണ്ടാവാം. ഇക്കാര്യങ്ങൾ പരിഗണിച്ച് വ്യക്തിഗത പരിചരണാസൂത്രണം നടത്തണം എന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ആസൂത്രണം ചെയ്ത പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും പൂർണ സഹകരണം ഉറ പ്പാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആയിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ച് ടെലിമെഡിസിൻ സംവിധാനത്തെ ഗ്രിഡിന്റെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനു പുറമെ വയോമിത്രം പദ്ധതിയെ ഡൊമിസിലിയറി കെയർ പദ്ധതിയുമായി കണ്ണിചേർക്കണം എന്നുകൂടി കണ്ടിട്ടുണ്ട്.

പാലിയേറ്റീവ് കെയർ രംഗത്ത് തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ, ബ്ലോക്ക് തലങ്ങളിൽ സംവിധാനമൊരുക്കുകയാണ്. വാർഡ് അടിസ്ഥാനത്തിൽ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ ആശ, അംഗൻവാടി, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ അടങ്ങിയ സമിതിയാണ് രൂപീകരിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും സമാനമായ സമിതികൾ രൂപീകരിക്കും.

ഈ സമിതികൾ മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം എന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. അതുവഴി പാലിയേറ്റീവ് പരിചരണം ആവശ്യമായവർക്കെല്ലാം മെച്ചപ്പെട്ട രീതിയിൽ അത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

പാലിയേറ്റീവ് കെയർ മേഖലയിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയാൽ മാത്രമേ മാറുന്ന കാലത്തിന് അനുസൃതമായ പുരോഗമന കാഴ്ചപ്പാടുകളും സേവനങ്ങളും ഉള്ള നാടായി കേരളത്തിനു മുന്നേറാൻ കഴിയൂ. അങ്ങനെ മാത്രമേ ഒരു നവകേരളം സൃഷ്ടിക്കാൻ നമുക്കു കഴിയൂ. ആ നവകേരള നിർമ്മിതിയിൽ നിങ്ങൾ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുകയാണ്.