പരമ്പരാ​ഗത സെർച്ച് എഞ്ചിനുകളോട് മല്ലിടാൻ ഓപ്പൺ എ ഐ; ചാറ്റ് ജിപിടി സെർച്ച് സൗജന്യ ഉപയോക്താക്കളിലേക്ക്

0
18

ചാറ്റ് ജിപിടി സെർച്ച് എല്ലാ ഉപയോക്താക്കളിലേക്കും വ്യാപിപ്പിക്കുകയാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ ഓപ്പൺ എ ഐ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പണമടച്ച് ഉപയോഗിക്കുന്നവർക്കായി പുതിയൊരു അപ്ഡേഷനുമായി ചാറ്റ് ജിപിടി എത്തുന്നത്. ചാറ്റ് ജിപിടി പ്ലാറ്റ്‌ഫോമിൽ വിവരങ്ങള്‍ സെർച്ച് ചെയ്യാനുള്ള ഓപ്ഷനായിരുന്നു ഇത്. ഇപ്പോള്‍ ഈ സേവനം എല്ലാ ഉപഭോക്തക്കൾക്കും ലഭ്യമാക്കുകയാണ് ഓപ്പൺ എ ഐ. പരമ്പരാഗത സെർച്ച് എഞ്ചിനുകളുമായി നേരിട്ട് മത്സരിച്ചുകൊണ്ട് വിവരങ്ങൾ ആക്സസ് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുകയാണ് പുതിയ അപ്ഡേഷനിലൂടെ സ്ഥാപനം. ഇത് സെർച്ച് എഞ്ചിൻമാർക്കറ്റിലെ ​ഗൂ​ഗിളിന്റെ അധിപത്യത്തിന് വെല്ലുവിളിയാകുമെന്നാണ് അഭിപ്രായം.

പുതിയ അപ്ഡേഷനിലൂടെ ഡാറ്റാ കട്ട് ഓഫ് എന്ന മുൻകാല പരിമിതി മറികടന്നുകൊണ്ട് വേ​ഗത്തിൽ കൃത്യതയാർന്ന മറുപടി നൽകാൻ സാധിക്കുമെന്നാണ് സ്ഥാനം വിശദീകരിക്കുന്നത്. ഓപ്പൺ എഐയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ കെവിൻ വെയിൽ, യൂട്യുബിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ പറഞ്ഞത് ചാറ്റ്ജിപിടിയിൽ ലോഗിൻ ചെയ്തിട്ടുള്ള എല്ലാ സൗജന്യ ഉപയോക്താക്കൾക്കുമായി ഞങ്ങൾ സെർച്ച് സേവനം ഒരുക്കുന്നു. അതായത് ആഗോളതലത്തിൽ നിങ്ങൾ ചാറ്റ് ജിപിടി ഉപയോഗിക്കുന്ന എല്ലാ പ്ലാറ്റ്‌ഫോമിലും ഇത് ലഭ്യമാകും എന്നാണ്. വേഗത്തിൽ ഏറ്റവും പുതിയ വിവരങ്ങൾ എന്ന അവകാശവാദവുമായാണ് ഓപ്പൺ എ ഐ പുതിയ അപ്ഡേഷന് ഒരുങ്ങുന്നത്.