ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിക്ക് കനത്ത പിഴ

0
99

സ്വിഗ്ഗി വൺ ഉപഭോക്താക്കളിൽ നിന്ന് ദൂരം കാണിച്ച് ഉയർന്ന ഡെലിവറി ചാർജുകൾ ഈടാക്കിയതിന് ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിക്ക് കനത്ത പിഴ ചുമത്തി.
ഉപഭോക്താവിന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.

ഹൈദരാബാദ് സ്വദേശിയായ എമ്മാഡി സുരേഷ് ബാബു എന്നയാൾ സ്വിഗിയുടെ വൺ മെമ്പർഷിപ്പ് എടുത്തിരുന്നു. നവംബർ ഒന്നിന് ഇദ്ദേഹം സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തു. പ്രസ്തുത ഹോട്ടലിൽ നിന്ന് സുരേഷിന്റെ വീട്ടിലേക്ക് 9.7 കിലോമീറ്റർ ആയിരുന്നു ദൂരം. എന്നാൽ തങ്ങളുടെ പ്ലാറ്റ്ഫോമിൽ കാണിച്ചത് 14 കിലോമീറ്റർ ദൂരമാണ്. തുടർന്ന് 103 രൂപ ഡെലിവറി ചാർജ് ആയി ഈടാക്കി.

ഗൂഗിൾ മാപ്പിലെ ഡിസ്റ്റൻസ് രേഖ സഹിതം സുരേഷ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു. സംഭവത്തിൽ കമ്മീഷന്റെ നോട്ടീസ് നിരാകരിച്ച സ്വിഗി കമ്പനി മറുപടി നൽകിയില്ല. ഇതോടെ കോടതി ഏകപക്ഷീയമായി പരാതി തീർപ്പാക്കി.

സുരേഷിനെ ഈടാക്കിയ ഡെലിവറി ചാർജ് ആയി 103 രൂപ തിരികെ നൽകാനും 350.48 രൂപ 9% പലിശ സഹിതം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. സുരേഷ് ബാബു നേരിട്ട് മാനസിക ബുദ്ധിമുട്ടിന് 5000 രൂപ നഷ്ടപരിഹാരമായും, 5000 രൂപ നിയമനടപടികൾക്ക് ചെലവായ വകയിലും നൽകാൻ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. ഇതിനെല്ലാം പുറമേ രംഗ റെഡ്ഢി ഡിസ്ട്രിക്ട് കമ്മീഷന്റെ ഉപഭോക്തൃ ക്ഷേമ ഫണ്ടിലേക്ക് 25,000 രൂപ അടയ്ക്കാനും സ്വിഗിയോട് ഉത്തരവിട്ടിട്ടുണ്ട്.