12 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഒരു മഹാകുഭമേള

0
2

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന മഹാകുഭമേള ഇന്ത്യൻ സംസ്‌കാരത്തിൻ്റെ പ്രതിഫലനമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 25 സെക്ടറുകളായി തിരിച്ച് 4000 ഹെക്ടറിലാണ് കുഭമേള നടക്കുക. 1,850 ഹെക്ടർ പാർക്കിംഗ്, 450 കിലോമീറ്റർ നടപ്പാതകൾ, 67,000 തെരുവുവിളക്കുകൾ, 150,000 ടോയ്‌ലറ്റുകൾ, 25,000-ലധികം പൊതു താമസ സൗകര്യങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

പതിനായിരത്തോളം സംഘടനകൾ കുഭമേളയുടെ ഭാ​ഗമാകും. തീർത്ഥാടനം സു​ഗമമാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി. കേന്ദ്ര ടൂറിസം മന്ത്രി ​ഗജേന്ദ്രസിം​ഗ് ഷെഖാവതുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുചിത്വത്തിനും സുരക്ഷയ്‌ക്കും പ്രത്യേക പരി​ഗണന നൽകും. കുഭമേള മികച്ചതാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ഹനുമാൻ ക്ഷേത്ര ഇടനാഴി, അക്ഷയ് വത് പാടൽപുരി, സരസ്വതി കുപ്പാർ, ഭരദ്വാജ് ആശ്രമം തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ നടക്കുന്ന ടൂറിസം വികസന പ്രവർത്തനങ്ങൾ നവംബർ 30-നകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കുഭം സന്ദർശിക്കാനെത്തുന്നവർക്കായി വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ‌ ക്യൂആർ കോഡുകൾ ഉപയോ​ഗിച്ച് വിവിധസ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പറഞ്ഞു. ഉത്തർപ്രദേശിന്റെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള സുവർണാവസരമാണ് കുഭമേള തുറന്നിടുന്നത്. ഇതിനായി ആപ്ലിക്കേഷൻ വികസിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.