ഗാസയുടെ തലവൻ റൗഹി മുഷ്താഹ ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കളെ വധിച്ച് ഇസ്രായേൽ സൈന്യം

0
19

ഗാസയുടെ തലവൻ റൗഹി മുഷ്താഹ ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കളെ ഇസ്രായേൽ സൈന്യം വധിച്ചു. വടക്കൻ ഗാസയിലെ ഭൂഗർഭ താവളത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് റൗഹി മുഷ്താഹ കൊല്ലപ്പെട്ടത്. സമേഹ് അൽ സിറാജ്, സമേ ഔദേ എന്നിവരും കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നു. സംഭവത്തിൽ ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സമേഹ് അൽ-സിറാജ് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിൽ സെക്യൂരിറ്റി പോർട്ട്‌ഫോളിയോ ചുമതല വഹിച്ച നേതാവാണ്. ഹമാസിന്റെ ജനറൽ സെക്യൂരിറ്റി മെക്കാനിസം കമ്മാൻഡറായിരുന്നു സമേഹ് ഔദേ. മൂന്ന് മാസം മുൻപാണ് ഇവരെ വധിച്ചതെന്നാണ് ഇസ്രയേൽ പറയുന്നത്. വ്യാമാക്രമണം നടത്തി ഇവർ ഒളിച്ചിരുന്ന താവളം തകർത്തുവെന്നാണ് അവകാശവാദം. ഹമാസിന്റെ കൺട്രോൾ സെന്ററായിരുന്നു ഈ ഭൂഗർഭ താവളമെന്നും മുതിർന്ന നേതാക്കൾക്ക് വേണ്ടിയാണ് ഈ ഒളിയിടം ഹമാസ് തയ്യാറാക്കിയതെന്നുമാണ് ഇസ്രയേൽ പറയുന്നത്.

ഇസ്രായേലിൽ 1,200ലധികം പേർ കൊല്ലപ്പെട്ട ഒക്ടോബർ 7 ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലാകെ സംഘർഷ സമാനമായ സാഹചര്യമാണ്. ഹമാസിൻ്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നിൽ നിർണായക സ്വാധീനം ചെലുത്തിയത് യഹ്യ സിൻവർ എന്ന ഹമാസ് നേതാവാണ്. ഇദ്ദേഹത്തിൻ്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട റൗഹി മുഷ്‌താഹ എന്നാണ് വിവരം. ഒക്‌ടോബർ 7 കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ പിന്തുടർന്ന് ആക്രമിക്കുകയാണ് ഇസ്രയേൽ.