മലയാള സിനിമ ഭ്രമയുഗത്തിന് അന്താരാഷ്ട്ര നേട്ടം

0
195

മലയാള സിനിമ ഭ്രമയുഗത്തിന് അന്താരാഷ്ട്ര നേട്ടം. ആഗോളതലത്തിൽ പ്രശസ്‌തമായ വിനോദ പ്ലാറ്റ്‌ഫോമായ ലെറ്റർബോക്‌സിൻ്റെ 2024-ലെ മികച്ച 10 ഹൊറർ ചിത്രങ്ങളിൽ ഭ്രമയുഗം രണ്ടാം സ്ഥാനത്തെത്തി. ഈ വർഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഹോളിവുഡ് ചിത്രം ദ സബ്‌സ്റ്റൻസ് ആണ് ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജപ്പാനീസ് ചിത്രം ചിമേ, തായ്‌ലന്റ് ചിത്രം ഡെഡ് ടാലന്റസ് സൊസൈറ്റി, അമേരിക്കൻ ചിത്രങ്ങളായ യുവർ മോൺസ്റ്റർ, ഏലിയൻ, സ്‌ട്രേഞ്ച് ഡാർലിങ്, ഐ സോ ദ ടിവി ഗ്ലോ, ഡാനിഷ് ചിത്രം ദ ഗേൾ വിത്ത് ദ നീഡിൽ, കൊറിയൻ ചിത്രം എക്‌സ്ഹ്യൂമ എന്നിവയാണ് ലിസ്റ്റിലുള്ള ചിത്രങ്ങൾ.

മമ്മൂട്ടി കൊടുമൺ പോറ്റിയായി എത്തിയ ചിത്രം രാഹുൽ സദാശിവനായിരുന്നു സംവിധാനം ചെയ്തത്. വിവിധ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്നാണ് ഭ്രമയുഗത്തിനെ ലെറ്റർ ബോക്‌സ്ഡ് തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്നുള്ള ഏക ചിത്രവും ഭ്രമയുഗമാണ്.

2024 ൽ ഇനി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഈ ലിസ്റ്റിൽ കൂട്ടിചേർക്കും. ലെറ്റർബോക്സ്ഡ് അംഗങ്ങള്‍ നല്‍കിയ ശരാശരി റേറ്റിംഗ് അനുസരിച്ചാണ് ചിത്രങ്ങളുടെ റാങ്ക് നിർണയിച്ചിരിക്കുന്നത്. ഫീച്ചർ ചിത്രങ്ങൾ ആയിരിക്കണം, സിനിമകൾക്ക് 2024-ൽ ഏതെങ്കിലും രാജ്യത്ത് ആദ്യമായി ദേശീയ റിലീസ് ഉണ്ടായിരിക്കണം, മിനിമം ആയിരം റേറ്റിങ്‌സ് ചിത്രത്തിന് ലഭിക്കണം എന്നിങ്ങനെയാണ് ലിസ്റ്റിൽ ഇടംപിടിക്കുന്നതിനുള്ള യോഗ്യത നിർദ്ദേശങ്ങൾ.