മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക് ജാമ്യം ലഭിച്ചു. കൊല്ലം ജില്ലാ സെക്ഷൻസ് ജഡ്ജി ജി ഗോപകുമാറാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കേണ്ടതില്ലെന്ന പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതി ഉത്തരവ്.
ശ്രീക്കുട്ടിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. കർശനമായ ജാമ്യവ്യവസ്ഥയാണ് കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീക്കുട്ടിയുടെ നിർദേശ പ്രകാരമാണ് ഒന്നാം പ്രതിയായ അജ്മൽ വാഹനം മുന്നോട്ട് എടുത്തതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതിന് തെളിവുകൾ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. എന്നാൽ സാഹചര്യ തെളിവുകൾ ഇതുമായി ബന്ധപ്പെട്ട് ഹാജരാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു.
അതേസമയം താൻ വാഹനം മുന്നോട്ട് എടുക്കാൻ പറഞ്ഞിട്ടില്ലെന്ന് ശ്രീക്കുട്ടി കേസിന്റെ ആദ്യം മുതൽ അവസാനം വരെ പറഞ്ഞത്. അജ്മലിന് ജീവനിൽ ഭയം ഉണ്ടായത് കൊണ്ടാണ് വാഹനം മുന്നോട്ട് എടുത്തതെന്ന് ശ്രീക്കുട്ടി പറയുന്നത്. ഈ കാര്യങ്ങൾ പരിഗണിച്ച് കൊണ്ടാണ് രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചത്. ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് വേണ്ടി അഡ്വ.സി.സജീന്ദ്രകുമാർ ഹാജരായി.