വിവാഹവാഗ്ദാനം നൽകി മറ്റൊരാൾ പീഡിപ്പിച്ചുവെന്ന് വിവാഹിതയക്ക് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

0
64

വിവാഹവാഗ്ദാനം നൽകി മറ്റൊരാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് മനീഷ് പിട്ടാളെയുടെ വിധി.

തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ് പീഡിപ്പിച്ചെന്നായിരുന്നു വിവാഹിതയായ സ്ത്രീയുടെ പരാതി. പിന്നീട് ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് സ്ത്രീ പുണെ പോലീസില്‍ പരാതി നല്‍കിയത്.

പരാതിക്കാരി വിവാഹിതയാണെന്നും മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. താന്‍ വിവാഹിതയായിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ലായെന്നത് സ്ത്രീക്ക് വ്യക്തമാണ്. അതിനാല്‍, മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിക്കാരിയുടെ വാദം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ യുവാവിന്റെപേരില്‍ പുണെ പോലീസ് ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നു. ഇതിനെതിരെ ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് യുവാവിന് മുന്‍കൂര്‍ ജാമ്യമനുവദിച്ചു.